പൊലീസുകാരെന്ന വ്യാജേന ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർക്കായി അന്വേഷണം

എഐ പ്രതീകാത്മകചിത്രം
മുംബൈ : മുംബൈയിലെ ജോഗേശ്വരി പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണവും പണവും കവർന്നു. കഴിഞ്ഞ ശനി രാത്രിയിലായിരുന്നു സംഭവം. ജ്വല്ലറി ഉടമയായ ഖോകൻ നിതായ് മണ്ഡലിൽ നിന്നാണ് പണം തട്ടിയത്. മണ്ഡൽ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 13.3 ലക്ഷം രൂപയും സ്വർണവുമാണ് കവർന്നത്.
ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേർ മണ്ഡലിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യലിനായി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുത്തി. തുടർന്ന് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 12.5 ലക്ഷം രൂപ പണവും 10 ഗ്രാം സ്വർണ്ണവും അടങ്ങിയ ബാഗ് തട്ടിയെടുത്തു.
മണ്ഡൽ ഉടൻ തന്നെ മേഘ്‌വാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം പിടിച്ചുപറി, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ചുറ്റുമുള്ള പ്രദേശങ്ങളിലെ വിവിധ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും സമാന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.









0 comments