അബുദാബി- ഫുജൈറ യാത്ര 1.45 മണിക്കൂറിൽ; ഇത്തിഹാദ് റെയിൽ യാത്രാസേവനം 30 മുതൽ

ദുബായ് : യുഎഇയിലെ ദീർഘകാല ഗതാഗത വികസന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ ട്രെയിൻ സർവീസിന്റെ പ്രാരംഭ പ്രവർത്തനഘട്ടം 30 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സർവീസിലൂടെ യാത്രാസമയം വെറും ഒരു മണിക്കൂർ 45 മിനിറ്റായി കുറയും.
സെപ്റ്റംബർ 30-ന് ദുബായ് ട്രെയിൻ സ്റ്റേഷനും അൽ ധൈദ് ട്രെയിൻ സ്റ്റേഷനും ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. തുടർന്ന് ഡിസംബർ 30-ന് അൽ ധഫ്‌റ മേഖലയിലെ സ്റ്റേഷനുകളും തുറക്കും. ഷാർജ ട്രെയിൻ സ്റ്റേഷൻ 2027 മാർച്ച് 30-ന് പ്രവർത്തനം ആരംഭിക്കുന്നതോടെ പദ്ധതിയുടെ മുഴുവൻ റൂട്ടും പൂർത്തിയാകും.
അബുദാബി-–ഫുജൈറ റൂട്ടിൽ കംഫർട്ട് ക്ലാസ് ടിക്കറ്റിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവും മുതൽ നിരക്ക് ആരംഭിക്കും. 13 ട്രെയിനുകളാണ് യാത്രാ സർവീസിനായി സജ്ജമാക്കിയിട്ടുള്ളത്. ഓരോ ട്രെയിനിലും 400 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
ജൂൺ 23 മുതൽ ഇത്തിഹാദ് റെയിലിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ടാകും.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ നടത്തി. യുഎഇയിലെ പൊതുഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ് ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസെന്ന് അധികൃതർ അറിയിച്ചു.









0 comments