ad
Deshabhimani

അടിയന്തര പ്രമേയം വിലക്കിയത് മദ്യനികുതി ഇളവിലെ അഴിമതി മറയ്ക്കാൻ: സിപിഐ എം

satheesan cpim
വെബ് ഡെസ്ക്

Published on Jun 23, 2026, 08:44 PM | 1 min read

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിലൂടെ, മദ്യനികുതി ഇളവിലെ ശതകോടികളുടെ അഴിമതി സർക്കാർ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന വലിയ അഴിമതിയാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. കുത്തക മദ്യക്കമ്പനികൾക്ക് വേണ്ടി സർക്കാർ നടത്തുന്ന കള്ളക്കളിയും അഴിമതിയും മറയ്ക്കാനാണ് നിയമസഭയിൽ ജനാധിപത്യവിരുദ്ധമായി, നോട്ടീസ് പോലും അനുവദിക്കാതിരുന്നതെന്നും സിപിഐ എം പറഞ്ഞു.


അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഈ വിഷയത്തിൽ യുഡിഎഫിലും മന്ത്രിസഭയിലും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ മറയില്ലാതെ പുറത്തുവരുമായിരുന്നു. ഇത് തടഞ്ഞ് സർക്കാരിനെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചത്. ഇന്ധനവില കുത്തനെ കൂട്ടിയപ്പോൾ അതിൽ നിന്ന് അര ശതമാനം നികുതി പോലും ഒഴിവാക്കി പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ തയ്യാറാകാത്ത യുഡിഎഫ് സർക്കാരാണ്, കുത്തക കമ്പനികൾക്ക് മദ്യമൊഴുക്കാൻ 131 ശതമാനം നികുതിയിളവ് നൽകുന്നത്. കേരളത്തിൽ യുവാക്കളെയും വിദ്യാർഥികളെയും മദ്യത്തിന് അടിമകളാക്കാനും കുത്തക കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനുമാണ് ഈ നീക്കം.


പ്രതിപക്ഷനേതാവ് ഉന്നയിച്ച അഴിമതിയാരോപണം നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭാ ടി.വിയിൽ നിന്ന് നീക്കം ചെയ്തത് സഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ കേരളത്തിലും പകർത്തിയെഴുതാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രധാന വിഷയങ്ങളിലെല്ലാം സഭ നിർത്തിവെച്ച് ചർച്ച ചെയ്ത പാരമ്പര്യമുണ്ട്. രാജ്യത്തിന് മാതൃകയായ ആ ജനാധിപത്യ സംസ്കാരമാണ് യുഡിഎഫ് തകർത്തത്.


അധികാരമേറ്റ് ഒന്നര മാസത്തിനുള്ളിൽ തന്നെ യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമായി മാറി. ബജറ്റ് പോലും കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന കോർപ്പറേറ്റ്-ഹിന്ദുത്വ അജണ്ടകൾ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് യുഡിഎഫ് വഴി വെട്ടുന്നത്. നാടിന്റെ നേട്ടങ്ങളെയാകെ തകർക്കുന്ന ഇത്തരം നടപടികളെ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home