ad
Deshabhimani

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ ‘ശല്യം’; ബ്ലോക്ക് ചെയ്തപ്പോൾ യുവാവിന്റെ വീട് തേടിയെത്തി

BUMBLE DATE
വെബ് ഡെസ്ക്

Published on Jun 23, 2026, 09:19 PM | 2 min read

ന്യൂഡൽഹി: ആധുനിക ഡേറ്റിങ് ആപ്പുകൾ വഴിയുള്ള പരിചയപ്പെടലുകൾ പലപ്പോഴും വിചിത്രമായ അനുഭവങ്ങളിലാണ് അവസാനിക്കാറുള്ളത്. ഒരു തവണ മാത്രം നേരിൽ കണ്ട യുവതി പിന്നീട് ഫോൺ കോളുകളിലൂടെ ശല്യം ചെയ്യുകയും, ഒടുവിൽ യുവാവിന്റെ വീട് വരെ തേടിയെത്തി ഭീഷണിക്കത്ത് നൽകുകയും ചെയ്ത സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒരു ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 30 കാരിയായ റൂത്ത് എന്ന യുവതിയിൽ നിന്നാണ് 28 കാരനായ യുവാവിന് ദുരനുഭവം ഉണ്ടായത്.


ഒന്നിച്ചു കാപ്പി കുടിക്കാനും വർക്കൗട്ട് ചെയ്യാനും താല്പര്യമുണ്ടെന്ന് റൂത്ത് അറിയിച്ചതിനെ തുടർന്ന് യുവാവ് ഇവരെ തൻ്റെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവാവ് പോകുന്ന ജിമ്മിൽ വെച്ച് ഇരുവരും ഒന്നിച്ച് സമയം ചിലവഴിച്ചു. തുടർന്ന് യുവതിയെ തിരികെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതിനിടയിലാണ് യുവതിയുടെ ഫോണിന്റെ പിന്നിൽ ഒരു കുട്ടിയുടെ ചിത്രം യുവാവ് ശ്രദ്ധിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താൻ എട്ട് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചതാണെന്നും ചിത്രത്തിലുള്ളത് തന്റെ മകനാണെന്നും യുവതി വെളിപ്പെടുത്തി. തുടർന്ന് അടുത്ത കൂടിക്കാഴ്ചയ്ക്കായി മറ്റൊരിടം യുവതി നിർദ്ദേശിച്ചെങ്കിലും യുവാവ് അത് നിരസിച്ചു.


വീട്ടിലെത്തിയ ശേഷം തനിക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലെന്ന് യുവാവ് യുവതിയെ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് താല്പര്യമില്ലാത്തതെന്ന് ചോദിച്ച് യുവതി നിരന്തരം സന്ദേശങ്ങളും ഫോൺ കോളുകളും അയക്കാൻ തുടങ്ങി. ശല്യം സഹിക്കവയ്യാതെ യുവാവ് ഇവരുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം മറ്റ് പല നമ്പറുകളിൽ നിന്നായി ഇരുപതിലധികം മിസ്ഡ് കോളുകളാണ് യുവാവിന് വന്നത്. തനിക്ക് വ്യക്തമായ വിശദീകരണം വേണമെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളും യുവതി അയച്ചുകൊണ്ടേയിരുന്നു.


എന്നാൽ യുവാവിനെ കൂടുതൽ ഭയപ്പെടുത്തിയത് തൊട്ടടുത്ത ദിവസം രാവിലെ നടന്ന സംഭവങ്ങളാണ്. യുവാവിന്റെ വീടിന്റെ വിലാസം എങ്ങനെയോ സംഘടിപ്പിച്ച യുവതി രാവിലെ വീടിന്റെ മുൻപിൽ വന്ന് നിൽക്കുകയായിരുന്നു. യുവാവിന്റെ അമ്മ ഇവരോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് യുവാവിനോട് സംസാരിക്കണമെന്ന് യുവതി ശാഠ്യം പിടിച്ചു. യുവാവ് വീട്ടിലില്ലെന്ന് വ്യക്തമാക്കിയതോടെ ഒരു കത്തെഴുതി വീട്ടുപടിക്കൽ എറിഞ്ഞ ശേഷമാണ് യുവതി അവിടെനിന്ന് മടങ്ങിയത്.


"ഞാൻ ഒരു പീഡകയല്ല (സ്റ്റാക്കർ). ഇങ്ങനെയൊരു ശ്രമം പോലും നടത്താതെ ഞാൻ പിന്മാറില്ല. എന്റെ സുഹൃത്തുക്കൾ വഴിയാണ് ഞാൻ നിന്റെ വിലാസം സംഘടിപ്പിച്ചത്. ഞാൻ ഇനി ഇങ്ങോട്ട് വരില്ല, ഭയപ്പെടേണ്ടതില്ല. എനിക്ക് മൂന്ന് കാര്യങ്ങൾ മാത്രമാണ് അറിയേണ്ടത്; ഒന്നാമതായി നിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം, രണ്ടാമതായി നമ്മുടെ ഇടയിലുള്ള ആശയക്കുഴപ്പങ്ങൾ മാറ്റുക, മൂന്നാമതായി എനിക്ക് സമാധാനം ലഭിക്കുക."


ഈ ഭയാനകമായ അനുഭവം യുവാവ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആദ്യമായാണ് തന്റെ ജീവിതത്തിൽ ഇത്രയും ഭ്രാന്തമായ ഒരു സംഭവം ഉണ്ടാകുന്നതെന്നും പൊലീസിൽ പരാതിപ്പെടാൻ ആലോചിക്കുകയാണെന്നും യുവാവ് വ്യക്തമാക്കുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട നിരവധി ആളുകൾ യുവാവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും, യാതൊരു കാരണവശാലും ഇനിയവരുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും പലരും യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home