സ്വാതന്ത്ര്യസമര സ്മരണകളുയർത്തി ഫോർട്ട് കൊച്ചിയിലെ പൈതൃക ജയിൽ

ഫോര്‍ട്ട്കൊച്ചിയിലെ പൈതൃക ജയില്‍
മട്ടാഞ്ചേരി
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകളുമായി ഫോർട്ട് കൊച്ചിയിലെ പൈതൃക ജയിൽ.
മൂന്ന് കൊളോണിയൽ സാമ്രാജ്യങ്ങൾ വാണ പ്രദേശമാണ് ഫോർട്ട് കൊച്ചി. ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ ശേഷിപ്പുകൾ പേറുന്ന ജയിൽ ചരിത്രവിദ്യാർഥികൾക്ക് കൗതുകമാണ്.
സ്വാതന്ത്ര്യസമരം കൊടുംപിരികൊണ്ട നാളിൽ ബ്രിട്ടീഷ് സർക്കാർ രാജ്യത്തെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നിരവധി ജയിലുകൾ സ്വാതന്ത്ര്യസമര ഭടൻമാരെ തടവിലാക്കുന്നതിന് നിർമിച്ചിരുന്നു. അത്തരത്തിൽ ബ്രിട്ടീഷ് കൊച്ചിയിൽ നിർമിച്ചതാണ് ഫോർട്ട് കൊച്ചി പൈതൃക ജയിൽ.
എട്ട് തടവറയാണ് ജയിലിലുള്ളത്. ആറ് മീറ്റർ ഉയരവും 50 ചതുരശ്രയടി വിസ്തീർണവുമാണ് ഓരോ തടവറയുടെയും അളവ്. ആറ് അടി നീളത്തിൽ നിർമിച്ച വാർക്ക കട്ടിലും ജയിലിലുണ്ട്. ഇരുന്പുകൊണ്ട് നിർമിച്ച വാതിലിന്റെ പൂട്ട് മതിലിനോടുചേർന്നാണ് നിർമിച്ചിട്ടുള്ളത്. മുഹമ്മദ് അബ്ദുൽ റഹ്മാൻ, കെ ജെ ഹർഷൽ, അക്കാമ ചെറിയാൻ, എ കെ ജി, ഇ എം എസ് തുടങ്ങിയ പ്രമുഖർ ഈ തടവറയിൽ കഴിഞ്ഞിട്ടുണ്ട്.
ജയിലിനോടുചേർന്നാണ് ഇപ്പോഴത്തെ പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ ഫോർട്ട് കൊച്ചി ആർഡി ഓഫീസാണ് പഴയ ബ്രിട്ടീഷ് കോടതി. ജയിലിന്റെ കാലപ്പഴക്കം വ്യക്തമല്ലെങ്കിലും മേൽക്കൂരയിൽ വിരിച്ച ഓടിൽ 1865 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പഠിക്കുന്ന ചരിത്രവിദ്യാർഥികൾക്ക് ഒഴിവാക്കാനാകാത്തതാണ് ഈ പൈതൃക ജയിൽ.
കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ അധീനതയിലുള്ള ജയിൽ ഇപ്പോൾ വിനോദസഞ്ചാരികൾക്കും ചരിത്രവിദ്യാർഥികൾക്കുമായി തുറന്നിട്ടിരിക്കുകയാണ്.










0 comments