വർക്കല ബിജെപിയിൽ ഭിന്നത രൂക്ഷം; ഒരു വിഭാഗം രാജിക്കൊരുങ്ങുന്നു

വർക്കല
വർക്കല ബിജെപിയിൽ ഭിന്നത രൂക്ഷമായതോടെ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമർശം. ബിജെപി വർക്കല മണ്ഡലം ഘടകത്തിന്റെ പ്രവർത്തനം, സാമ്പത്തിക ഇടപാടുകൾ, പാപനാശം വിഷയത്തിലെ നേതാക്കളുടെ പങ്ക് എന്നിവ ജില്ലാ,- സംസ്ഥാന നേതൃത്വങ്ങൾ അടിയന്തരമായി അന്വേഷിക്കണമെന്ന് യുവാക്കളും പഴയകാല പ്രവർത്തകരുമടക്കം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിക്കൊരുങ്ങുന്നത്. പ്രാദേശിക നേതൃത്വത്തിനിടയിൽ തമ്മിലടിയും പണപ്പിരിവുമാണെന്ന് രൂക്ഷവിമർശമുയരുന്നു. സംഘടനാപ്രവർത്തനത്തെ വ്യക്തിപരമായ നേട്ടത്തിനും പണസമ്പാദനത്തിനുമുള്ള ഉപാധിയായി മാറ്റുകയാണെന്നും ആരോപണം. പ്രസ്ഥാനത്തിന്റെ പേരും ബന്ധങ്ങളും ചിലരുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു. പാപനാശം കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവർതന്നെ നഗരസഭ പൊളിച്ചുനീക്കാൻ നിർദേശിച്ച അനധികൃത കൂറ്റൻ കെട്ടിടങ്ങൾ സംരക്ഷിക്കാനും കൂടുതൽ നിർമാണം നടത്താനും പിന്നാമ്പുറ നീക്കങ്ങൾ നടത്തുന്നു. നഗരസഭാ നടപടിക്കെതിരെ സ്ഥാപനങ്ങൾക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ ലഭ്യമാക്കുന്നതടക്കം നിയമനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും കൗൺസിലർ ഉൾപ്പെടെയുള്ള ബിജെപി നേതൃത്വമാണ്. രാഷ്ട്രീയലാഭത്തിനായി ‘പാപനാശ സംരക്ഷണ’ പ്രചാരണം നടത്തുകയും അതേസമയം നിയമംലംഘിച്ചവർക്കായി രഹസ്യ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് വഞ്ചനയാണെന്ന കടുത്ത വിമർശവും മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ഉയർന്നതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കായി റിസോർട്ടുകളിൽനിന്ന് വൻ പണപ്പിരിവ് നടത്തുന്നുമുണ്ട്.









0 comments