പെന്‍ഷന്‍ വീടുകളിലെത്തിക്കില്ല
ഒന്നരലക്ഷം പാവങ്ങൾ ബാങ്ക് കയറിയിറങ്ങണം

സ്വന്തംലേഖകൻ
Published on Aug 16, 2026, 02:44 AM | 1 min read
ആലപ്പുഴ
പാവങ്ങൾക്ക് കൈത്താങ്ങായി വീട്ടിലെത്തിയിരുന്ന ക്ഷേമപെൻഷൻ സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിക്കുന്നതോടെ ജില്ലയിൽ ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കൾ ബാങ്കുകളെ ആശ്രയിക്കണം. പ്രായമായവരും രോഗബാധിതരും ഉൾപ്പെടെയുള്ളവർക്ക് പുതിയ തീരുമാനം വലിയ ദുരിതത്തിനും അധിക ചെലവിനും വഴിയൊരുക്കും. 3,37,743 പേര്‍ക്കാണ് കഴിഞ്ഞമാസം ജില്ലയില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ 1,50,769 പേരും പെന്‍ഷന്‍ ഏജന്റുമാര്‍ മുഖേനെ നേരിട്ട് പണം വാങ്ങുന്നവരാണ്. 1,86,974 പേര്‍ മാത്രമാണ് ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ വാങ്ങുന്നത്. ജില്ലയിലെ ആകെ ഗുണഭോക്താക്കളില്‍ പകുതിയിലധികവും വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ജൂലൈയിലെ കണക്കനുസരിച്ച് 1,97,926 പേര്‍ വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവരില്‍ 84,737പേര്‍ക്കും വീടുകളിലാണ് പെന്‍ഷന്‍ ലഭിച്ചിരുന്നത്. 74,029 പേര്‍ക്കാണ് കഴിഞ്ഞമാസം വിധവാ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ 30580 പേർക്കും പണം വീട്ടിലെത്തുന്നതാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 20940 പേരും , അമ്പതുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍കാരില്‍ 2589 പേരും ഭിന്നശേഷി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 11,923 പേരും വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. വാര്‍ധക്യ പെന്‍ഷന്‍ വീട്ടിൽ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കിടപ്പുരോഗികളും പ്രായാധിക്യം കാരണം പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയാത്താവരുമാണ്. മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് പണം ചെലവഴിക്കാറുള്ളത്. പ്രതിമാസം കൈയില്‍ പണം ലഭിക്കുന്നത് ഇവര്‍ക്ക് ആശ്വാസമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നതോടെ എല്ലാ മാസവും ബാങ്ക് കയറിയിറങ്ങേണ്ടിവരുമെന്നതാണ് ആശങ്ക. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളിലെ പരിചയക്കുറവും പ്രതിസന്ധിയാണ്. പലരുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുന്നതിനാൽ സജീവമല്ല. സജീവമാക്കിയാൽ പെൻഷൻ മാത്രമായിരിക്കും ഇവയിലെ ഇടപാട്. അതിനാൽ മിനിമം ബാലൻസ് ഇനത്തിൽ പിഴയും ചുമത്തും.









0 comments