കുന്നുകരയിൽ ആവേശമായി ചിങ്ങനിലാവ് 2026

കർഷകദിനാഘോഷങ്ങളുടെ ഭാഗമായി കുന്നുകര പഞ്ചായത്തും കൃഷിഭവനും ചേർന്ന് കുറ്റിയാൽ പാടശേഖരത്തിൽ നടത്തിയ കാൽപ്പന്തുകളി
നെടുമ്പാശേരി
കുന്നുകരയിൽ ഉഴുതുമറിച്ച ചെളിക്കണ്ടത്തിൽ നടന്ന ഫുട്ബോൾകളിയും വടംവലിയും ആവേശമാക്കി നാട്ടുകാരും കർഷകരും. കർഷകദിനാഘോഷങ്ങളുടെ ഭാഗമായി കുന്നുകര പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് കുറ്റിയാൽ പാടശേഖരത്തിൽ ‘ചിങ്ങനിലാവ് 2026’ എന്നപേരിൽ കാൽപ്പന്തുകളിയും വടംവലിയും സംഘടിപ്പിച്ചത്.
ചെളി നിറഞ്ഞ കണ്ടത്തിൽ ഗോളടിക്കാൻ എതിർഗോൾ പോസ്‌റ്റ് ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ കളിക്കാർ ചെളിയിൽ പലതവണ മറിഞ്ഞുവീഴുന്നതും കാണികൾക്ക് ഹരമായി. എഫ്സി കുറ്റിയാലിയും പിഎസ്എ കുറ്റിപ്പുഴയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ടോസിൽ എഫ്സി കുറ്റിയാലി വിജയിച്ചു. വനിതകളുടെ വടംവലിയിൽ വിജയികളായ പ്രിയദർശിനി കുന്നുകര, പെൺപെരുമ അടുവാശേരി ടീമുകൾക്ക് ഏത്തക്കുലകൾ നൽകി.
പുരുഷൻമാരുടെ വടംവലിയിൽ കുന്നുകര സ്വാശ്രയ കർഷകസമിതി വിജയികളായി. പിഎസ്എ കുറ്റിപ്പുഴ രണ്ടാംസ്ഥാനം നേടി. മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സമ്മാനദാനം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി യു ജബ്ബാർ, കൃഷി ഓഫീസർ ഡോ. നീരജ പുതിയമഠം എന്നിവർ സംസാരിച്ചു.










0 comments