മണ്ണുവേണ്ട; മനസ്സുണ്ടെങ്കിൽ ആകാശത്തും അടുക്കളത്തോട്ടം

ജെയിംസും മെറ്റിൽഡയും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിൽ

സ്വന്തം ലേഖകൻ
Published on Aug 16, 2026, 02:12 AM | 1 min read
കളമശേരി
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച അന്തിക്കാട് വീട്ടിൽ ജെയിംസ് മനസ്സുണ്ടെങ്കിൽ ആകാശത്തും അടുക്കളത്തോട്ടം തീർക്കാമെന്ന് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്. 18 വർഷമായി വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറിയനങ്ങളും വീടിന്റെ മട്ടുപ്പാവിലാണ് ഇദ്ദേഹം വിളയിച്ചെടുക്കുന്നത്. ഏലൂർ മഞ്ഞുമ്മൽ ജനത സ്റ്റോപ്പിനടുത്ത് മൂന്നേകാൽ സെന്റിലാണ് രണ്ടുനിലയുള്ള അന്തിക്കാട് വീട്. വിഷമടിക്കാത്ത പച്ചമുളകും വേപ്പിലയുമായിരുന്നു ആദ്യലക്ഷ്യം. ഒപ്പം വീട്ടിലെ അടുക്കളമാലിന്യത്തിന് പരിഹാരവും. ആകെയുള്ള സ്ഥലത്ത് വീടിരിക്കുന്നു. അങ്ങനെയാണ് മട്ടുപ്പാവിൽ ഒരുകൈ നോക്കാനിറങ്ങിയത്.
ഇപ്പോൾ മാതൃകാപരമായ മാലിന്യസംസ്കരണ സംവിധാനവും ആവശ്യത്തിന് പച്ചക്കറിയിനങ്ങളുമായി. ബയോപോട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ ജൈവവളമാക്കിയെടുത്താണ് ഉപയോഗിക്കുന്നത്. കോഴി, മുയൽ എന്നിവയും അടുക്കളത്തോട്ടത്തിലുണ്ട്. ഇവയുടെ കാഷ്ഠവും ബയോപോട്ടിൽ കമ്പോസ്റ്റാക്കി മാറ്റും. 2014ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ജെയിംസ് വിധേയനായി. തുടർന്ന് പൂർണസമയവും അടുക്കളത്തോട്ടത്തിലായി ശ്രദ്ധ. മഞ്ഞൾ, പച്ചമുളക്, തക്കാളി, വെണ്ടയിനങ്ങൾ, വഴുതന, വെള്ളരി, അച്ചിങ്ങ തുടങ്ങി മിക്ക പച്ചക്കറിയിനങ്ങളുമുണ്ട്.
കൂടാതെ കുടമ്പുളി, ചാമ്പ, മാതളം, റമ്പൂട്ടാൻ, നെല്ലിക്ക, വിയറ്റ്നാം ഏർലി പ്ലാവ് തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും മട്ടുപ്പാവിലുണ്ട്. ശാസ്ത്രീയമായാണ് കൃഷി. ഓരോ വിളവെടുപ്പിനുശേഷവും നടീൽമിശ്രിതം പുറത്തെടുത്ത് കുമ്മായം ചേർത്തുവയ്‌ക്കും. തുടർന്ന് പുതിയ മിശ്രിതം തയ്യാറാക്കിയാണ് തൈ നടുന്നത്. ഭാര്യ ഏലൂർ നഗരസഭ മുൻ കൗൺസിലർ മെറ്റിൽഡ ജെയിംസും മക്കളായ ആഷ്ലിയും ആയുഷും കട്ടയ്‌ക്ക് കൂടെയുണ്ട്. ഇത്തവണ നഗരസഭാ കൃഷിഭവൻ മികച്ച ജൈവകർഷകനായി ജെയിംസിനെ തെരഞ്ഞെടുത്തു.
മുമ്പ് പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴയും പച്ചക്കറിയും കൃഷി ചെയ്ത് മെറ്റിൽഡ മികച്ച യുവകർഷകയായിരുന്നു. ഇവർ വീടിനോടുചേർന്ന് കൃഷി അനുബന്ധവസ്തുക്കളുടെ കടയും നടത്തുന്നുണ്ട്. മാനസികോല്ലാസത്തിനും കൃത്യമായ ആരോഗ്യപരിപാലനത്തിനും കൃഷി ഒരു മാർഗമാണെന്ന് ജെയിംസ് തെളിയിക്കുന്നു.









0 comments