സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്

ജില്ലാ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ മാർച്ച് പാസ്‌റ്റിൽ അഭിവാദ്യം സ്വീകരിക്കുന്നു
കൊച്ചി
രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പൊതു–സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, ലൈബ്രറികൾ, തൊഴിൽകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തൊഴിലാളികള്‍ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും ആഘോഷത്തിൽ ഭാഗഭാക്കായി. രാഷ്ട്രീയ–സാംസ്കാരിക–സാമൂഹിക–സാമുദായിക സംഘടനകളുടെയും റസിഡന്റസ് അസോസിയേഷനുകളുടെയും നേതൃത്വത്തിലും പതാക ഉയർത്തി.
ജില്ലാ ആസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിനസന്ദേശം നൽകി. കലക്ടര്‍ ജി പ്രിയങ്ക, റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശനൻ, സിറ്റി പൊലീസ് കമീഷണർ എസ് കാളിരാജ് മഹേഷ് കുമാർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.
കമാൻഡർമാരായ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഐഒപി വിപിൻദാസും സെക്കൻഡ് ഇൻ കമാൻഡർ ആർ എസ് സുനിൽകുമാറും പരേഡ് നയിച്ചു. മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
കൊച്ചി മെട്രോ മുട്ടം ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി), ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടി എന്നിവിടങ്ങളിൽ കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പതാക ഉയർത്തി. പ്രവർത്തനമികവിനുള്ള പുരസ്കാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു.
ഫോർട്ട്കൊച്ചി വാട്ടർമെട്രോയിലും ആഘോഷം നടന്നു.
ചാവറ കൾച്ചറൽ സെന്ററിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ദേശീയഗാനമത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിച്ചു. കൗൺസിലർ കെ വി പി കൃഷ്ണകുമാർ പതാക ഉയർത്തി. സമാപനസമ്മേളനം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയപതാക ഉയർത്തി. ഇൻഫോപാർക്കിന്റെ തൃശൂർ ചേർത്തല ക്യാമ്പസിലും ആഘോഷം ഉണ്ടായി. കൊച്ചിൻ പോർട്ട് അതോറിറ്റിയില്‍ ചെയർപേഴ്സൺ ഡോ. എം അങ്കമുത്തു പതാക ഉയർത്തി. സിഐഎസ്എഫ് ഗാർഡ് ഓഫ് ഓണർ നൽകി. കൊച്ചി വിമാനത്താവളത്തിൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പതാക ഉയർത്തി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എറണാകുളം പബ്ലിക് റിലേഷൻസ് സെന്ററിൽ ഫാ. റ്റിജു കെ ഡാനിയലും സിറോ മലബാർ സഭാ ആസ്ഥാനത്ത് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും പതാകയുയർത്തി. അമൃത ആശുപത്രിയിൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ പി ഗിരീഷ് കുമാർ പതാക ഉയർത്തി. എൻസിപി എസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷത്തില്‍ സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് പതാക ഉയർത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും പതാക ഉയര്‍ത്തി.
കൊച്ചി ഐഎൻഎസ് ഗരുഡയിൽ പരേഡ് നടന്നു. സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, എസ്എൻസി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. നാവികസേനാ കപ്പലുകളും അലങ്കരിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി എസ് സതീഷ്
ദേശീയ പതാക ഉയർത്തുന്നു
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയര്‍ത്തി. ദേശാഭിമാനി കൊച്ചി ഓഫീസില്‍ ലോക്കല്‍ സെക്രട്ടറി ടി ആര്‍ അനില്‍കുമാര്‍ പതാക ഉയര്‍ത്തി.
വിവിധ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
കൊച്ചി
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന സൈനികക്ഷേമ വകുപ്പ് നൽകിവരുന്ന വിവിധ ധനസഹായ പദ്ധതികൾക്കായി സ്വരൂപിക്കുന്ന സായുധസേന പതാകദിന നിധിയിലേക്ക് ജില്ലയില്‍ ഏറ്റവും കൂടുതൽ തുക സമാഹരിച്ച അമ്പലമുകൾ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനും ഉദയംപേരൂർ എസ്എൻഡിപി എച്ച്‌എസ്‌എസിനും പുരസ്കാരം നൽകി.
എക്സൈസ് ആൻഡ് പൊലീസ് വിഭാഗത്തിൽ കെഎപി ഫസ്റ്റ് ബറ്റാലിയൻ ഒന്നാം സ്ഥാനവും ഡിഎച്ച്ക്യു കൊച്ചി സിറ്റി രണ്ടാം സ്ഥാനവും നേടി. നിരായുധസേന സീനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഒന്നാം സ്ഥാനവും എൻസിസി 21 കേരള ബറ്റാലിയൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നിരായുധസേന ജൂനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ വിദ്യാലയം എൻസിസിയാണ് ഒന്നാമത്. സ്റ്റുഡന്റ് പൊലീസ് പ്ലാറ്റൂൺ വിഭാഗത്തില്‍ ആലുവ മോഡൽ റെസിഡൻഷ്യൽ ബോയ്സ് സ്കൂൾ ഒന്നാമതും ജിഎച്ച്എസ്എസ് തൃപ്പൂണിത്തുറ രണ്ടാമതുമെത്തി. സൈനിക പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ സൈനിക് ബോയ്സ് സ്കൂൾ ഒന്നാം സ്ഥാനവും ബേത്‌ലഹേം ദയറ ഹൈസ്കൂൾ ഞാറല്ലൂർ രണ്ടാം സ്ഥാനവും നേടി. ഗൈഡില്‍ ബേത് ലഹേം ദയറ ഹൈസ്കൂളും സ്കൂൾ ബാൻഡില്‍ സി കേഡറ്റും ഒന്നാമതെത്തി. ഹോൺ പൈപ്പ് ഡാൻസ് അവതരിപ്പിച്ച സി കേഡറ്റിനും ദേശഭക്തിഗാനം അവതരിപ്പിച്ച കലക്ടറേറ്റ് സ്റ്റാഫിനും പ്രത്യേക പുരസ്കാരങ്ങൾ നൽകി.








0 comments