ad
Deshabhimani

അടച്ചുപൂട്ടൽ വക്കിൽ മടിക്കൈ ഐഎച്ച്ആർഡി കോളേജ്

മടിക്കൈ ഐഎച്ച്ആർഡി കോളജ്.
വെബ് ഡെസ്ക്

Published on Aug 16, 2026, 03:00 AM | 1 min read

നീലേശ്വരം കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടാനൊരുങ്ങി മടിക്കൈ ഐഎച്ച്ആർഡി കോളജ്. കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ ഐഎച്ച്ആർഡി വെബ്‌സൈറ്റ് വിജ്ഞാപനത്തിലും പ്രോസ്‌പെക്ടസിലും ഇല്ലാത്തതിനാൽ ഈ വർഷം പ്രവേശനമില്ല. വിവിധ കോഴ്‌സുകളിലായി 36 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരുടെ കോഴ്‌സ് പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ബിഎ ഇംഗ്ലീഷ് വിത്ത് ജേണലിസം, ബി കോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എം കോം ഫിനാൻസ് കോഴ്‌സുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ആരും പ്രവേശനം നേടാത്തതിനാൽ ബിഎയ്ക്ക് രണ്ടാം വർഷ ബാച്ച് ഇല്ല. മൂന്നാം വർഷ ക്ലാസിൽ നാലുപേരാണുള്ളത്. മൂന്ന് കോഴ്‌സിലുമായി 36 പേർ പഠിക്കുന്നു. വിദ്യാർഥികൾക്ക് കോളേജിലേക്ക് എത്തിപ്പെടാനുള്ള പ്രയാസമാണ് പ്രവേശനം കുറയുന്നതിന് പ്രധാന തടസ്സമായി പറയുന്നത്. കോളജ് ബസ്സ് അനുവദിച്ചെങ്കിലും ചിലവ് കൂടുതലാണെന്ന് പറഞ്ഞ് ഉപയോഗിക്കാതെയായി. അതോടെ ഡ്രൈവറെ നിയമിക്കുന്നത് പിടിഎയ്ക്ക് നിർത്തേണ്ടി വന്നു. ഇതിനിടെ കരിന്തളത്ത് ഗവ. ആർട്സ് കോളേജ് ആരംഭിച്ചതും കുട്ടികൾ വരുന്നതിൽ കുറവുവരുത്തി. ചീമേനി കനിയാംതോലിൽ ആരംഭിച്ച ഭുവനേശ്വരി ആർട്സ് കോളേജ്, കാലിച്ചാനടുക്കം എസ്എൻ കോളേജ് എന്നിവയുടെ പ്രവർത്തനവും നിർത്തിയിരുന്നു. 2010ൽ ചാളക്കടവിൽ മടിക്കൈ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലാണ് ഐഎച്ച്ആർഡി കോളേജ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇ ചന്ദ്രശേഖരൻ എംഎൽഎ ആയിരിക്കെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയും ഐഎച്ച്ആർഡി ഫണ്ടും ഉപയോഗിച്ച്‌ കാഞ്ഞിരപ്പൊയിലിലെ മൂന്ന് ഏക്കർ സ്ഥലത്ത് നിർമിച്ച രണ്ട് കെട്ടിടങ്ങളിലാണ് പ്രവർത്തനം. നിലവിൽ ജോലി ചെയ്യുന്ന 6 ആധ്യാപകരും 6 അനധ്യാപകരും താൽകാലിക ജീവനക്കാരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home