ദേശീയ പതാകയെ അനാദരിച്ചു; കേസെടുത്തു

കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ കെട്ടിയ ദേശീയ പതാക കൂത്താട്ടുകുളം പൊലീസ് അഴിച്ചെടുക്കുന്നു
കൂത്താട്ടുകുളം
സ്വാതന്ത്ര്യദിനത്തിൽ കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ ദേശീയ പതാക അനാദരവോടെ പ്രദർശിപ്പിച്ചതായി ആക്ഷേപം. സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് സ്വമേധയാ കേസെടുത്തു.
ദേശീയ പതാക അഴിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ടൗണിൽ എംസി റോഡരികിലാണ് സബ് രജിസ്ട്രാർ ഓഫീസ്. ഓഫീസ് വളപ്പിൽ കൊടിമരം ഉണ്ടായിരുന്നിട്ടും പതാക ഉയർത്താൻ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. പകരം ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്തെ ഗ്രില്ലിൽ പിവിസി പൈപ്പിൽ കെട്ടിവച്ച നിലയിലാണ് പതാക കാണപ്പെട്ടത്.
കാലപ്പഴക്കം ചെന്ന കൊടിമരത്തിൽ കയറാനോ കയർ സ്ഥാപിക്കാനോ കഴിയില്ലെന്ന് സബ് രജിസ്ട്രാർ ഓഫീസ് അധികൃതർ വ്യക്തമാക്കി. വനിത ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന ഓഫീസിൽ പതാക ഉയർത്താൻ മറ്റ് സുരക്ഷിതമായ മാർഗങ്ങളില്ലായിരുന്നു. സബ് രജിസ്ട്രാറുടെ നിർദേശപ്രകാരം രാവിലെ ഒമ്പതോടെ ഓഫീസ് ജീവനക്കാരിയാണ് ഗ്രില്ലിൽ പതാക സ്ഥാപിച്ചത്. മുൻവർഷങ്ങളിലും ഇതേ രീതിയിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചിരുന്നതെന്നും ദേശീയപതാകയോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.










0 comments