ad
Deshabhimani

സ്പെയർ പാർട്സ് കട‌ കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15 കാരൻ തൂങ്ങി മരിച്ചനിലയിൽ

1280

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 08:39 PM | 1 min read

കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീഹരി എന്ന കുട്ടിയെയാണ് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്പെയർ പാർട്സ് കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിദ്യാർഥിയിലേയ്ക്ക് എത്തിയത്.


കട കത്തിച്ചയാൾ പെട്രോളുമായി കടയുടെ അ‌ടുത്തേക്ക് പോകുന്നതിന്റെയും തീ ഉയരുമ്പോൾ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് അ‌ന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നു. കെട്ടിടത്തിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശ്രീഹരിയുടെ വീട്ടിൽ നിന്ന് ഏതാനും വീടുകൾ മാറിയുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ മുകളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തീപിടിത്തം നടന്നതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം. തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പൊലീസ് അന്വേഷണവും വന്നതോടെ കുട്ടി പരിഭ്രാന്തനായെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് ശ്രീഹരിയുടെ പിതാവ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home