ad
Deshabhimani

വംശീയ പരാമർശം; മൊറീഞ്ഞോയ്‌ക്കെതിരെ ആരോപണവുമായി തുർക്കിഷ്‌ ക്ലബ്ബ്‌

jose mourihno

ഹോസേ മൗറീന്യോ. PHOTO: Facebook/Fabrizio Romano

വെബ് ഡെസ്ക്

Published on Feb 25, 2025, 01:12 PM | 1 min read

ഇസ്താംബൂൾ: വിഖ്യാത ഫുട്‌ബോൾ പരിശീലകൻ ജൊസേ മൊറീഞ്ഞോ വംശീയ പരാമർശങ്ങൾ നടത്തിയതായി ആരോപണം. തുർക്കിഷ്‌ ഫുട്‌ബോൾ ക്ലബ്ബ്‌ ഗലറ്റാസരയ്‌ എസ്‌ കെയാണ്‌ മൊറീഞ്ഞോയ്‌ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്‌. പരമാർശങ്ങളുടെ അടിസ്ഥാനത്തിൽ തുർക്കിയിലെ ഫെനർബാഹ്‌ഹെ എസ്‌ കെ ടീമിന്റെ പരിശീലകനായ മൊറീഞ്ഞോയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗലറ്റാസരയ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ അറിയിച്ചു.


ഗലറ്റാസരയ്‌–ഫെനർബാഹ്‌ഹെ മത്സരത്തിന്‌ ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മൊറീഞ്ഞോ എതിർ ടീമിന്റെ ബെഞ്ചിനെ ‘കുരങ്ങുകളെപ്പോലെ ചാടുന്നവർ’ എന്ന്‌ വിശേഷിപ്പിച്ചിരുന്നു. എങ്കിലും മൊറീഞ്ഞോ പറഞ്ഞ ഏത്‌ പ്രസ്‌താവനയാണ്‌ ഗലറ്റാസരയ്‌യെ ചെടിപ്പിച്ചതെന്ന്‌ വ്യക്തമല്ല. പരിശീലകന്റെ പരാമർശത്തിൽ ഫുട്‌ബോൾ ഭരണസമിതികൾക്ക്‌ പരാതി നൽകുമെന്നും ഗലറ്റാസരയ്‌ എസ്‌ കെ അറിയിച്ചിട്ടുണ്ട്‌. ഗലറ്റാസരയ്‌യുടെ ആരോപണത്തിൽ മൊറീഞ്ഞോയോ ഫൈനർബാഹ്‌ചെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്താസമ്മേളനത്തിൽ സൂപ്പർ ലീഗിലെ (തുർക്കിഷ് ഫുട്ബോൾ ലീഗ്) റഫറിമാർക്കെതിരെയും മൊറീഞ്ഞോ തിരിഞ്ഞു. മത്സരങ്ങൾക്ക്‌ തുർക്കിയിൽ നിന്നുള്ള റഫറിമാരെ ഉപയോഗിക്കുന്നത്‌ ‘ദുരന്തമാണ്‌’ എന്നായിരുന്നു പരിശീലകന്റെ വിമർശനം. ഇസ്‌താംബൂൾ ഡെർബിയായ ഗലറ്റാസരയ്‌–ഫെനർബാഹ്‌ഹെ മത്സരം സ്ലൊവേനിയൻ റഫറിയായ സ്ലാവ്‌കോ വിൻചിച്‌ ആയിരുന്നു നിയന്ത്രിച്ചത്‌. ആദ്യം തുർക്കിയിൽ നിന്നുള്ള റഫറിയെയായിരുന്നു കളി നിയന്ത്രിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇരു ടീമുകളും പരാതിപ്പെട്ടതിനെ തുടർന്ന്‌ മാറ്റുകയായിരുന്നു.


മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിക്കാത്തതോടെ ഇസ്‌താംബൂൾ ഡെർബി സമനിലയിൽ പിരിയുകയായിരുന്നു. ലീഗിൽ 24 കളികൾ ഇരു ടീമുകളും പൂർത്തിയാക്കിയപ്പോൾ ഗലറ്റാസരയ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതും ഫെനർബാഹ്‌ചെ രണ്ടാമതുമാണ്‌. നിലവിലെ ചാമ്പ്യൻമാരായ ഗലറ്റാസരയ്‌ക്ക്‌ 62ഉം ഫെനർബാഹ്‌ചെയ്‌ക്ക്‌ 58ഉം പോയിന്റുകളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home