print edition ഫ്രാൻസിന്റെ നെഞ്ചിലുണ്ട് 2002

ഫ്രാൻസിന് ഒരു കണക്ക് തീർക്കാനുണ്ട്. കാൽപ്പന്ത് ലോകം അടക്കി വാണപ്പോഴും 24 വർഷം മുമ്പേറ്റ മുറിവ് മാഞ്ഞിട്ടില്ല. 2002ൽ ലോകചാമ്പ്യൻമാരെന്ന പകിട്ടുമായെത്തിയ ഫ്രഞ്ച് പടയെ ആദ്യ ലോകകപ്പിനെത്തിയ സെനെഗൽ ഒറ്റ ഗോളിന് തോൽപ്പിച്ചു. പാപ ബൗബ ദിയോപ്പിന്റെ സുന്ദര ഗോളിലാണ് ഫ്രഞ്ച് കോളനിയായിരുന്ന ആഫ്രിക്കൻ പടയാളികളുടെ ജയം.
തോൽവി ഫ്രാൻസിനെ അടിമുടി കുലുക്കി. ഒറ്റ ജയവുമില്ലാതെ ഗ്രൂപ്പുഘട്ടത്തിൽ പുറത്തായി. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടുമൊരു ലോകകപ്പിൽ ഇരുടീമുകളും ആദ്യ പോരിൽ ഏറ്റുമുട്ടുകയാണ്. ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് മത്സരം. ദിദിയെർ ദെഷാമിന് കീഴിൽ ഇത്തവണയും സാധ്യതകളിൽ മുന്നിലാണ് ഫ്രാൻസ്. ഹാട്രിക് ഫൈനലാണ് ലക്ഷ്യം. 2018ൽ റഷ്യയിൽ ചാമ്പ്യൻമാരായപ്പോൾ 2022ൽ ഖത്തറിൽ റണ്ണറപ്പായി. കിലിയൻ എംബാപ്പെ നയിക്കുന്ന ടീമിൽ എല്ലാ നിരയിലും സൂപ്പർതാരങ്ങളാണ്. ഉസ്‌മാൻ ഡെംബെലെ, മൈക്കേൽ ഒലീസെ, റയാൻ ചെർകി, എൻഗോളോ കാന്റെ, വില്യം സാലിബ തുടങ്ങിയ എണ്ണം പറഞ്ഞ കളിക്കാരുണ്ട്.
തുടർച്ചയായ മൂന്നാം ലോകകപ്പിനെത്തുന്ന സെനെഗൽ നിസ്സാരക്കാരല്ല. ആഫ്രിക്കയിലെ പ്രധാന ടീമുകളിലൊന്നാണ്. നേഷൻസ് കപ്പിൽ ഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ചെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി കിരീടം നഷ്ടമായതിന്റെ വേദനയുണ്ട്. അതിനാൽ പലതും തെളിയിക്കാനുണ്ട് പാപെ തിയാവ് പരിശീലിപ്പിക്കുന്ന ടീമിന്. സാദിയോ മാനെ, കലിദോ കൗലിബാലി എന്നിവരാണ് പ്രധാനികൾ.









0 comments