ad
Deshabhimani

പരാഗ്വേയും കടന്ന്‌, ഫ്രാൻസ് മുന്നോട്ട്

Kylian Mbappe
avatar
നിധിൻ രാജു

Published on Jul 05, 2026, 07:58 AM | 2 min read

ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ചൂട്‌ അതിന്റെ പാരമ്യത്തിലായിരുന്നു. എന്നാൽ അന്തരീക്ഷത്തിലെ 39 ഡിഗ്രി ചൂടിനുമപ്പുറമായിരുന്നു ഫ്രാൻസ്‌ x പരാഗ്വേ മത്സരച്ചൂട്‌. റിയലി ഹോട്ട്‌!!


അതിനാടകീയമായ നിമിഷങ്ങൾക്കും താരങ്ങൾ തമ്മിലുള്ള ചൂടേറിയ ഉരസലുകൾക്കുമൊടുവിൽ മുൻ ചാമ്പ്യൻമാർ പ്രീ ക്വാർട്ടറിലേക്ക്‌. കായികബലവും കടുത്ത പ്രതിരോധവും കൊണ്ട് കളിയിലുടനീളവും സജീവമായ പരാഗ്വേ കരുത്തരായ ഫ്രഞ്ച് പടയ്‌ക്ക്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തിയത്‌. മുൻ ചാമ്പ്യന്മാരുടെ കിരീടക്കരുത്തിനെ തങ്ങളുടെ പ്രതിരോധത്തിന്റെ ഉരുക്കുമതിൽകൊണ്ട് നേരിടാൻ പരാഗ്വേ തുനിഞ്ഞിറങ്ങിയപ്പോൾതന്നെ കളി ചൂടുപിടിച്ചിരുന്നു.


മുന്നേറ്റത്തിൽ സംഘടിതമോ ആസൂത്രിതമോ ആയ നീക്കങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും പ്രതിരോധത്തിൽ പരാഗ്വേ നന്നായി ഗൃഹപാഠം ചെയ്‌തിരുന്നു. പ്രതീക്ഷിച്ചതുപോലെ ഗുസ്താവോ അൽഫാരോ 5–4–1 എന്ന കടുത്ത പ്രതിരോധവ്യൂഹത്തിലാണ് തന്റെ ടീമിനെ വിന്യസിച്ചത്‌. മറുഭാഗത്ത്‌ 4–2–3–1 എന്ന കളത്തിലാകെ ഒഴുകിപ്പരക്കുന്ന വിന്യാസമാണ്‌ ദെഷാംപ്‌സ്‌ സ്വീകരിച്ചത്‌. ജർമനിയെ അട്ടിമറിച്ച അതേതന്ത്രം പുറത്തെടുത്ത പരാഗ്വേ, സ്വന്തം ബോക്സിലേക്ക് വലിഞ്ഞ് ഫ്രഞ്ച് പടയുടെ ക്ഷമയ്‌ക്ക്‌ വിലയിട്ടു.


മത്സരം തുടങ്ങിയ ആദ്യ മിനിറ്റുകളിൽ കളിയിലെ 90 ശതമാനത്തിലധികം സമയങ്ങളിലും പന്ത്‌ ഫ്രാൻസിന്റെ കൈവശമായിരുന്നു. ഇടതടവില്ലാതെ ആക്രമണങ്ങൾ ഒന്നൊന്നായി ഒഴുകി. എന്നാൽ ബോക്‌സിന്‌ പുറത്ത്‌ ഒരിഞ്ച് വിടവ്‌ പരാഗ്വേ അനുവദിക്കുന്നതേയില്ല. സ്വാഭാവികമായും ഡെംബെലെ, ബാർക്കോള എന്നിവരിലൂടെ ഫ്രാൻസ്‌ കളി വിങ്ങുകളിലേക്ക് മാറ്റുന്നുണ്ട്‌. അഡ്രിയാൻ റാബിയോട്ട് ബോക്സിന് പുറത്തുനിന്ന് ചില ലോങ് റേഞ്ച് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്കടുക്കുന്നില്ല.


ആദ്യ പകുതിയിൽ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ പരാഗ്വേയും നടത്തുന്നുണ്ട്‌. 28–ാം മിനിറ്റിൽ കോനെയുടെ കാലിൽനിന്ന് പന്ത് റാഞ്ചി മിഗുവേൽ അൽമിറോൺ ഫ്രഞ്ച് പകുതിയിലേക്ക് കുതിച്ചുപായുന്നുണ്ട്‌. തുടർന്ന് അലോൺസോയും ഡീഗോ ഗോമസും തൊടുത്ത ലോങ് റേഞ്ചർ ഷോട്ടുകൾ ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു. ആദ്യപകുതിക്ക്‌ പിരിയുമ്പോൾ ഗോളിലേക്കെത്താനാകാതെ 276 പാസുകളാണ്‌ ഫ്രഞ്ചുകാർ പരസ്‌പരം കൈമാറിയത്‌. അതേസമയം പരാഗ്വേ പൂർത്തിയാക്കിയതാകട്ടെ വെറും 43 പാസുകൾ മാത്രം.


ഫ്രാൻസിന്റെ സംഘടിതമായ മുന്നേറ്റത്തെ അച്ചടക്കത്തോടെയാണ്‌ പരാഗ്വേ ചെറുക്കുന്നത്‌. ബോക്‌സിന്‌ മുൻവശം തുറക്കുന്നതേയില്ല. 5–4 എന്ന നിലയിൽ രണ്ട്‌ ലെയർ മതിലാണ്‌ ഒരുക്കിയത്‌. കോട്ടകൊത്തളങ്ങൾ തീർത്ത് ശത്രുവിനെ ശ്വാസംമുട്ടിക്കുന്ന പരാഗ്വേയുടെ ഉരുക്കുമതിൽ!

എംബാപ്പെയെ അക്ഷരാർഥത്തിൽ പൂട്ടിയിരുന്നു. വേഗമേറിയ താരത്തിനെതിരെ മടിയേതുമില്ലാതെ റഫ്‌ ചലഞ്ചുകളാണ്‌ പരാഗ്വേ പ്രദർശിപ്പിക്കുന്നത്‌. ഇടതുവിങ്ങിലെത്തുമ്പോളൊക്കെയും ഹോസെ കാസെറസ് എംബാപ്പെയെ നിഴലുപോലെ പിന്തുടർന്നു. ഫസ്റ്റ്‌ ടച്ചിനും സെക്കൻഡ്‌ ടച്ചിനുമിടയിലുള്ള മൈക്രോ സെക്കൻഡിൽപോലും ചിന്തിക്കാനുള്ള അവസരം നൽകുന്നതേയില്ല. എന്നിട്ടും മത്സരത്തിലുടനീളം അഞ്ച്‌ ഷോട്ടുകളാണ്‌ എംബാപ്പെ വർഷിക്കുന്നത്‌. അത്‌ അയാളുടെ ക്വാളിറ്റിയുടെ സാക്ഷ്യപ്പെടുത്തലാണ്‌.


രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണത്തിന്റെ മൂർച്ചകൂട്ടുന്നുണ്ട്‌. ചിലനേരങ്ങളിൽ മുന്നേറ്റവിന്യാസം അഞ്ചുപേരിലേക്കുയർന്നു. അവരുടെ സെന്റർ ബാക്കുകൾ ഉൾപ്പെടെ മൈതാനമധ്യവും കടന്ന് ഒഫൻസീവ്‌ ഗെയിമിന്റെ ഭാഗമാകുന്നുണ്ട്‌. 51–ാം മിനിറ്റിൽ ഒരു ക്വിക്ക്‌ കോർണറിൽ ഫ്രാൻസ്‌ ഗോളിന്‌ അരികിലെത്തുന്നുണ്ട്‌. ടച്ച്‌ ലൈനിനരികിലൂടെ മുന്നേറി ഡെംബെലെ ഷോട്ടുതിർക്കുന്നുണ്ടെങ്കിലും പന്ത് പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ കോനെയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് പരാഗ്വേ ഗോൾകീപ്പർ ഗിൽ പണിപ്പെട്ടാണ്‌ തട്ടിയകറ്റുന്നത്‌.


മത്സരത്തിന്റെ 70–ാം മിനിറ്റിലാണ്‌ കളിയുടെ ഫലമെഴുതിയ ഏകഗോൾ വരുന്നത്‌. ബോക്‌സിനുള്ളിൽ മൂന്ന് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ ഡൂയെയെ, ഡീഗോ ഗോമസ് വീഴ്‌ത്തിയതിന്‌ കിട്ടിയ അവസരം. തീർച്ചയായയും ഡൂയെ തന്റെ മ‍ൗലികമായ സ്‌കില്ലുകൊണ്ട്‌ ടീമിനായി നേടിയെടുക്കുന്നതാണാ പെനാൽറ്റി. പെനാൽറ്റിക്ക്‌ മുമ്പ്‌ മൈതാനത്ത് ചില നാടകീയ നിമിഷങ്ങൾ നടക്കുന്നുണ്ട്‌.


പരാഗ്വേ കളിക്കാർ പെനാൽറ്റി സ്പോട്ടിൽ പന്ത് മാറ്റിവയ്‌പ്പിക്കുകയും പെനാൽറ്റി സ്പോട്ടിൽ സ്ക്രാച്ചുകൾ വീഴ്ത്തുകയും ചെയ്യുന്നുണ്ട്. ഫ്രയിമിലില്ലാത്ത എംബാപ്പെയ്‌ക്കരികിലെത്തി കാസെറസ് ചില വാക്കുകൾ കൈമാറുന്നുമുണ്ട്‌. എന്നാൽ ഈ മൈൻഡ് ഗെയിമുകളൊന്നും എംബാപ്പെയുടെ കാംനെസിനെ ബാധിക്കുന്നതേയില്ല. ഗോൾകീപ്പറുടെ ആന്റിസിപ്പേഷൻ തെറ്റിച്ചുകൊണ്ട്‌ എംബാപ്പെ അനായാസമായാണ്‌ പന്ത് വലയിലേക്ക് ഉരുട്ടിവിടുന്നത്‌. ഈ ലോകകപ്പിൽ എംബാപ്പെയുടെ ഏഴാം ഗോൾ.


പേരുകേട്ട ഫ്രഞ്ച്‌ മുന്നേറ്റത്തിന്‌ വെറും അഞ്ച്‌ ഷോട്ടുകൾ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ പായിക്കാനാകുന്നതെന്നതാണ് മത്സരത്തിന്റെ ആകെത്തുക. എന്നാൽ അവയൊന്നും വലിയ നിലയ്ക്ക്‌ ഗോൾ കീപ്പർ ഗില്ലിനെ അലോസരപ്പെടുത്തിയിരുന്നില്ലതാനും.


എഴുതിയ പരീക്ഷകളിലൊക്കെയും ഫുൾ മാർക്കുനേടിയെത്തിയ ഫ്രാൻസിന്‌, പരാഗ്വേ പ്രതീക്ഷിക്കാത്തൊരു ‘ടഫ്‌ ക്വസ്റ്റ്യനാ’യിരുന്നു.

അടവുകളും തന്ത്രങ്ങളും മൈൻഡ് ഗെയിമുകളും കളംപിടിച്ച പോരാട്ടത്തിനൊടുവിൽ, ഒരൊറ്റ പെനാൽറ്റി തുമ്പിൽ പിടിച്ച്‌ ഫ്രാൻസ് ക്വാർട്ടറിലേക്ക്...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home