വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സാപ്പ് വഴി പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പൊലീസ്. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' എന്ന പേരിൽ .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളോടുകൂടിയ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സാപ്പ് വഴി അയച്ചു നൽകുകയാണ് രീതി.
ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും ചെയ്യുന്നു. തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും ചോർത്തിയെടുത്ത ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമിച്ച് പണം തട്ടിയെടുക്കും.
വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വൻ തുകകൾ ഇത്തരത്തിൽ കൈമാറി ചതിക്കപ്പെടാൻ സാധ്യതയേറെയാണെന്ന് പൊലീസ് പറയുന്നു. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് പൊലീസ് വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് അയച്ച വ്യക്തികളെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്താതിരിക്കുക.
കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ അടിയന്തരമായി ഇന്റർനെറ്റ് കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കണം. ഈ ഫയലുകൾ പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറുകയും ചെയ്യരുത്. ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമാക്കാൻ അടിയന്തരമായി അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടണമെന്നും പൊലീസ് അറിയിച്ചു.











0 comments