ad
Deshabhimani

റെയിൽവേ ടെണ്ടറുകളിൽ തിരിമിറി; ചീഫ് മെറ്റീരിയൽസ് മാനേജർ ഉൾപ്പെടെ മൂന്ന് പേര്‍ സിബിഐ വലയിൽ

rl
വെബ് ഡെസ്ക്

Published on Jul 05, 2026, 10:43 AM | 1 min read

ന്യൂഡൽഹി: റെയിൽവേ ടെണ്ടറുകൾ വഴിമാറ്റി അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ നോർത്തേൺ റെയിൽവേ ആസ്ഥാനത്തെ ചീഫ് മെറ്റീരിയൽസ് മാനേജർ ഉൾപ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നോർത്തേൺ റെയിൽവേ ചീഫ് മെറ്റീരിയൽസ് മാനേജർ നരേന്ദർ സിംഗ്, സീനിയർ ക്ലർക്ക് ലെനിൻ ശർമ്മ, ഇവർക്ക് കൈക്കൂലി നൽകിയ സ്വകാര്യ കമ്പനി പ്രതിനിധി ഷാരിഖ് അലി എന്നിവരാണ് പിടിയിലായത്.


വെള്ളിയാഴ്ച രാത്രി ഡൽഹി ബറോഡ ഹൗസിലെ നോർത്തേൺ റെയിൽവേ ആസ്ഥാനത്ത് സിബിഐ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇവർ വലയിലായത്. കൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാഷ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ പ്രതിനിധി ഷാരിഖ് അലിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നരേന്ദർ സിംഗിനെ കയ്യോടെ പിടികൂടിയത്.


നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് റെയിൽവേ ടെണ്ടറുകൾ നൽകിയിരുന്നതെന്ന് കണ്ടെത്തി. നോർത്തേൺ റെയിൽവേയിലെ ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനി പ്രതിനിധികളുമായി ഗൂഢാലോചന നടത്തി അവിഹിത ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പതിവാണ് തുടര്‍ന്നിരുന്നത്.


ടെണ്ടര്‍ രഹസ്യങ്ങൾ

ചോര്‍ത്തി നൽകി


ടെണ്ടറുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സീനിയർ ക്ലർക്ക് ലെനിൻ ശർമ്മ വഴി വ്യവസായികൾക്ക് ചോർത്തി നൽകിയിരുന്നു. ഈ വർഷം ഏപ്രിലിൽ 'മാഷ് ഇന്റർനാഷണൽ' കമ്പനിക്ക് അനുവദിച്ച 'സേഫ്റ്റി ഷൂസ്' വിതരണത്തിനുള്ള പർച്ചേസ് ഓർഡറുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്.


ചീഫ് മെറ്റീരിയൽസ് മാനേജർ നരേന്ദർ സിംഗും ഡെപ്യൂട്ടി ചീഫ് മെറ്റീരിയൽസ് മാനേജർ ശുവാഷിസ് മൈറ്റിയും ഒത്തുകളിച്ചാണ് കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നതെന്നും, പരസ്പരം ധാരണയോടെയാണ് ഇവർ കൈക്കൂലി പണം വാങ്ങിയിരുന്നതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.


കേസുമായി ബന്ധപ്പെട്ട് ഡൽഹി, ഗാസിയാബാദ്, ബുലന്ദ്ഷഹർ, കാൺപൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിബിഐ വ്യാപകമായ തിരച്ചിൽ നടത്തി. റെയ്ഡിൽ നിർണായകമായ നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സിബിഐ വക്താവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home