ഡൽഹിയിൽ ഭാര്യയെ ബാറ്ററികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
ഡൽഹി: സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ബാറ്ററികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ രൺഹോളയിലാണ് ദാരുണമായ സംഭവം നടന്നത്. വിനയ് (28), ഭാര്യ നിഷ (24) എന്നിവരാണ് മരിച്ചത്.
ജൂലൈ 2-നാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ ആരോടെന്നോ സംസാരിക്കുന്നുവെന്ന് സംശയിച്ച വിനയ്, തർക്കത്തിനിടെ എക്സൈഡ് ബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വിനയ് വിഷം കഴിച്ചു. തുടർന്ന് മൂന്ന് വയസ്സുള്ള മകളെയും കൂട്ടി സമീപത്തെ അമ്മയുടെ വാടക വീട്ടിലെത്തിയ വിനയ്, സഹോദരി പ്രിയയോട് താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും വിഷം കഴിച്ചെന്നും സമ്മതിച്ചു. ഉടൻ തന്നെ പ്രിയ അയൽവാസികളുടെ സഹായത്തോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിഷം കഴിച്ച വിനയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന നിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ച് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. രൺഹോള പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments