ad
Deshabhimani

നാസിവിരുദ്ധതയുടെ പെൺകരുത്ത്

image.
avatar
പി എസ് പൂഴനാട് 
[email protected]

Published on Jul 05, 2026, 08:28 AM | 3 min read

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മായിയും അച്ഛനും അറിയുന്നതിന്, നിങ്ങളുടെ ജീവിതത്തിലെ അതീവ ദുഃഖകരമായ രണ്ടാമതൊരു വാർത്തയ്ക്കുകൂടി നിങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. നിങ്ങളുടെ മകനെപ്പോലെതന്നെ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആ മകന്റെ ഭാര്യയായ ഞാനും മരണത്തെയും കാത്ത് ഈ തടങ്കൽപ്പാളയത്തിൽ കഴിയുകയാണ്. എന്റെ ജീവനെയും അവർ പിഴുതെടുത്തെന്ന വാർത്ത ഏറെ താമസിയാതെതന്നെ നിങ്ങളുടെ ചെവികളിലെത്തും. ആ യാഥാർഥ്യത്തെയും അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ആത്മധൈര്യമുണ്ടാകട്ടെ'-

​– മരിയാനേ ജാവോക്കിം

മരിയാനേ ജാവോക്കിം എന്ന 21 വയസ്സുമാത്രമുള്ള നാസിവിരുദ്ധയായ പെൺപോരാളി ഹിറ്റ്‌ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽനിന്ന്‌ തന്റെ ജീവിതപങ്കാളിയുടെ മാതാപിതാക്കൾക്കെഴുതിയ കത്തിലെ വരികളാണിത്. 1943 മാർച്ച് നാലാം തീയതി ഹിറ്റ്‌ലറുടെ രഹസ്യപ്പട്ടാളം തലയറുത്തുകൊല്ലുന്നതിനും ഏതാനും ദിവസംമുമ്പാണ് ആ പെൺകുട്ടി ഈ കത്തെഴുതിയത്. തന്റെ ജീവിതപങ്കാളിയും നാസിവിരുദ്ധ പോരാളിയുമായിരുന്ന ഹീൻസ് ജാവോക്കിമിനെ 1942 ആഗസ്ത്‌ 18-ന് നാസികൾ കൊലപ്പെടുത്തി. നാസികൾക്കെതിരെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധപോരാട്ടങ്ങൾ സംഘടിപ്പിച്ചിരുന്ന ഇടത്‌ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്നു ഹീൻസ് ജാവോക്കിമും മരിയാനേ ജാവോക്കിമും.


പോരാടി ജയിലിലേക്ക്‌

നാസി ജർമനിയിലെ എല്ലാവിധ സാംസ്‌കാരിക ഇടങ്ങളെയും നിയന്ത്രിച്ചിരുന്നത് ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബൽസിന്റെ നേതൃത്വത്തിലുള്ള പ്രൊപ്പഗാൻഡ മിനിസ്ട്രിയായിരുന്നു. ജർമനിയിലെ പത്രങ്ങൾ, സാഹിത്യസൃഷ്ടികൾ, കലാസൃഷ്ടികൾ, സിനിമകൾ, നാടകങ്ങൾ, സംഗീതം, റേഡിയോ തുടങ്ങി എല്ലാ ഇടങ്ങളും പ്രൊപ്പഗാൻഡ മിനിസ്ട്രിയായിരുന്നു നിയന്ത്രിച്ചിരുന്നത്. നാസിസത്തിനെതിരെയോ നാസി ജർമനിക്കെതിരെയോ ഒരുതരത്തിലുള്ള സാംസ്‌കാരിക വിമർശവും കലാസാഹിത്യ മാധ്യമങ്ങളിലൂടെ അനുവദിക്കപ്പെട്ടിരുന്നില്ല. നുണകൾ നിരന്തരം ആവർത്തിക്കുകയും അസത്യങ്ങളെ സത്യങ്ങളായി പൊതുബോധമനസ്സിൽ സന്നിവേശിപ്പിക്കുകയുമായിരുന്നു പ്രചാരണമന്ത്രിസഭയുടെ ലക്ഷ്യം. നാസിസത്തിനും ഹിറ്റ്‌ലർക്കുമെതിരെയുള്ള ഒരുതരത്തിലുള്ള സത്യസന്ധമായ പ്രതികരണത്തെയും അത് വച്ചുപൊറുപ്പിച്ചിരുന്നില്ല. പ്രചാരണ മന്ത്രിസഭയുടെ നുണപ്രചാരണങ്ങളിൽ ഏറ്റവും മുന്തിനിന്നിരുന്നത് കമ്യൂണിസത്തിനും സോവിയറ്റ് യൂണിയനും എതിരെയുള്ള നുണകളുടെ തുടർക്കഥകളായിരുന്നു. സോവിയറ്റ് യൂണിയൻ ഉദയംകൊണ്ടത് ജൂത ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു:" ജൂതന്മാരുടെ കെണിയാണ് സോവിയറ്റ് യൂണിയനും കമ്യൂണിസവും. സോവിയറ്റ് യൂണിയനിൽ ജനങ്ങൾക്കാകെ ദുരിതമാണ്. അവിടെ ജനങ്ങൾക്ക് ഒരു സ്വാതന്ത്ര്യവുമില്ല. ജനങ്ങളെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുകയാണ്. അതുകൊണ്ടുതന്നെ കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും ഉന്മൂലനം ചെയ്യേണ്ടത് നാസി ജർമനിയുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ അവർ ഈ കമ്യൂണിസ്റ്റ്- സോവിയറ്റ് ഭൂതത്തെ ലോകത്താകമാനം പടർത്തും. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനെ തകർക്കുകയാണ് നാസി ജർമനിയുടെ ജീവിതദൗത്യം. അതിനായി നാസി ജർമനിയിലെ ജനങ്ങൾ സാംസ്‌കാരികമായി ഉണരണം'.

​കമ്യൂണിസത്തിനും സോവിയറ്റ് യൂണിയനും എതിരെ ഇത്തരത്തിലുള്ള നിരവധി നുണകൾ പ്രചരിപ്പിക്കുന്നതിന്‌ നാസി ജർമനിക്കുള്ളിലും പുറത്തും അവർ പ്രചാരണസന്നാഹങ്ങളെ കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി ജർമനിയിലെ ബെർലിനിൽ നാസികൾ സംഘടിപ്പിച്ച സോവിയറ്റ്- വിരുദ്ധ പ്രദർശനപരിപാടിയായിരുന്നു "സോവിയറ്റ് പാരഡൈസ്'. 1942 മെയ് എട്ടുമുതൽ ജൂൺ 21 വരെയായിരുന്നു എക്സിബിഷൻ. "സോവിയറ്റ് സ്വർഗം' എന്നത് ഒരു കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ജൂതകമ്യൂണിസ്റ്റുകൾ സോവിയറ്റ് യൂണിയനിൽ തെരുവുകൾതോറും പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയിട്ടിരിക്കുന്ന "ചിത്രങ്ങൾ' അവിടെ പ്രദർശിപ്പിക്കപ്പെട്ടു! സോവിയറ്റ് യൂണിയനിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കൊടിയ ദുരിതങ്ങളുടെയും "ചിത്രങ്ങളും' എക്സിബിഷൻ ഹാളിൽ കെട്ടിത്തൂക്കിയിരുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള നാസി ജർമനിയുടെ സൈനികമായ കടന്നാക്രമണങ്ങളെയും യുദ്ധത്തെയും ന്യായീകരിച്ചെടുക്കാനുള്ള തന്ത്രങ്ങളായിരുന്നു ഈ വ്യാജ പ്രദർശനങ്ങൾക്കുപിന്നിലെ ചേതോവികാരം. സോവിയറ്റ് യൂണിയനെതിരെയുള്ള ഷോർട്ട് ഫിലിമുകളും അവിടെ പ്രദർശിപ്പിക്കപ്പെട്ടു. എന്നാൽ ഇത്തരം നുണപ്രചാരണങ്ങളെ വകവച്ചുകൊടുക്കാൻ നാസികൾക്കെതിരെ ജീവൻകൊടുത്ത് പൊരുതിക്കൊണ്ടിരുന്ന ഇടത്‌ ഗ്രൂപ്പുകൾക്ക് കഴിയുമായിരുന്നില്ല. ആ പ്രദർശനശാലയ്ക്ക് തീയിടാൻ അവർ തീരുമാനിച്ചു. എന്നാൽ അവരുടെ തീയാക്രമണംകൊണ്ട് ചില ചിത്രങ്ങൾ കത്തിപ്പോയതൊഴിച്ചാൽ പ്രദർശനശാല‌യ്‌ക്കോ മനുഷ്യർക്കോ ഒന്നും സംഭവിച്ചില്ല. ഇതിന്റെ പേരിൽ നിരവധി നാസിവിരുദ്ധ പോരാളികൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു; അങ്ങനെ അറസ്റ്റ്‌ ചെയ്യപ്പെട്ട ഇടത്‌ ഗ്രൂപ്പിലെ നാസിവിരുദ്ധ പെൺ പോരാളിയായിരുന്നു മരിയാനേ ജാവോക്കിം.


അടിമയിൽനിന്ന്‌ പോരാളിയിലേക്ക്‌


​1921 നവംബർ അഞ്ചിന്, ജൂത വംശത്തിൽപ്പെട്ട കെട്ടിട തൊഴിലാളിയുടെ മകളായിട്ടായിരുന്നു മരിയാനേ ജാവോക്കിം പിറന്നത്. സ്കൂൾ പഠനകാലം ആ പെൺകുട്ടി വിജയകരമായി പൂർത്തിയാക്കി. അതിനുശേഷം ശിശുപരിപാലനമായിരുന്നു അവൾ തൊഴിലായി സ്വീകരിച്ചത്. എന്നാൽ ആ ജോലി അവൾക്ക് തുടർന്നുകൊണ്ടുപോകാനായില്ല. ജൂതവംശത്തിൽപ്പെട്ട പെൺകുട്ടിയായതുകൊണ്ടുതന്നെ ഹിറ്റ്‌ലറുടെ സൈന്യം അവളെ കൃഷിത്തോട്ടങ്ങളിലേക്ക് അടിമപ്പണിക്കായി പിടിച്ചുകെട്ടി കൊണ്ടുപോയി. ബെർലിനിലെ ബഹുരാഷ്ട്ര കമ്പനിയായ സീമൻസിന്റെ വ്യവസായ യൂണിറ്റിൽ അടിമപ്പണിക്കായി പിടിച്ചുകൊണ്ടുവന്നിരുന്ന ഹീൻസ് ജാവോക്കിനെ 1941-ൽ മരിയാനേ വിവാഹം കഴിച്ചു. അടിമപ്പണിക്ക് വിധേയരാക്കപ്പെട്ടിരുന്ന തൊഴിലാളികളെ ഹിറ്റ്‌ലറുടെ നാസിഭരണകൂടത്തിനെതിരെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്ന ഇടതുപക്ഷ ആക്ടിവിസ്റ്റായിരുന്നു ഹീൻസ് ജാവോക്കിം. ഹെർബെർട്ട് ബോം എന്ന കമ്യൂണിസ്റ്റ് പോരാളിയായിരുന്നു സീമൻസിലെ ജൂതവംശജരായ അടിമത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ നേതൃത്വം വഹിച്ചിരുന്നത്. ഹെർബെർട്ട് ബോം രൂപംകൊടുത്ത നാസിവിരുദ്ധ ഗ്രൂപ്പിലെ സജീവ പോരാളികളെന്ന നിലയിലായിരുന്നു മരിയാനേയും ഹീൻസും തങ്ങളുടെ ആക്ടിവിസത്തെ മുന്നോട്ട്‌ നീക്കിക്കൊണ്ടിരുന്നത്. നാസികളുടെ ഭീകരഭരണകൂടത്തെ തകർത്തെറിയലായിരുന്നു അവരുടെ പ്രവർത്തന ലക്ഷ്യം. ഫാസിസ്റ്റുവിരുദ്ധ ഗ്രൂപ്പുകളുടെ താവളമായും സംവാദകേന്ദ്രമായും മരിയാനേയുടെയും ഹീൻസിന്റെയും താമസസ്ഥലം ക്രമേണ മാറി. ഈയൊരു നാസിവിരുദ്ധ ഇടതുസംഘത്തിന്റെ പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു നാസികൾ ബെർലിനിൽ സംഘടിപ്പിച്ച നുണപ്രചാരണങ്ങളുടെ എക്‌സിബിഷനെതിരെ 1942 മെയ് 18-ന് നടത്തിയ തീയാക്രമണം.


അവരോടൊപ്പം ചേർന്നുനിൽക്കുക


ഹെർബെർട്ട് ബോമും ഹീൻസ് ജാവോക്കിമും 1942 മെയ് 22ന് അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന് നിരവധി പോരാളികളെ ഹിറ്റ്‌ലറുടെ സൈന്യം കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കും തടങ്കൽപ്പാളയങ്ങളിലേക്കും വലിച്ചെറിഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുശേഷം മരിയാനേ ജാവോക്കിമിനെയും അറസ്റ്റ്‌ ചെയ്തു. പത്ത് മാസം നാസി തടവറയ്ക്കുള്ളിൽ കിടന്ന് ആ പെൺകുട്ടി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി. ഇതിനിടയിൽ തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട നിരവധി പോരാളികൾ വധിക്കപ്പെട്ട വാർത്തകൾ ആ ചെവിക്കുള്ളിൽ ഇടിത്തീപോലെ പതിച്ചുകൊണ്ടിരുന്നു. ജീവിതപങ്കാളിയും സഖാവുമായ ഹീൻസ് ജാവോക്കിമും വധിക്കപ്പെട്ട വിവരം അവളുടെ കാതുകളിലെത്തി. എന്നാൽ തളർന്നുവീഴാൻ ആ പെൺകുട്ടിയുടെ രാഷ്ട്രീയബോധ്യങ്ങൾ അവളെ അനുവദിച്ചില്ല. 1943 മാർച്ച് നാലിന് ഹീൻസ് ജാവോക്കിമിന്റെ അച്ഛനും അമ്മയ്ക്കും മരിയാനേ ഇങ്ങനെ എഴുതി: "മരണാനന്തര ജീവിതത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ നിങ്ങളുടെയും എന്റെയും പ്രിയപ്പെട്ട ഹീൻസുമായി ഒരു മരണാനന്തര പുനർസമാഗമം സ്വ‌പ്നം കണ്ടുകൊണ്ട് എനിക്ക് സന്തോഷിക്കാമായിരുന്നു. എന്നാൽ ജീവിതം അങ്ങനെയല്ലല്ലോ. ഈ ജീവിതം ഉപേക്ഷിക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്റെ അപ്പയെയും അമ്മയെയും ആശ്വസിപ്പിക്കുക. അവരോടൊപ്പം ചേർന്നുനിൽക്കുക”.

​ഒരിക്കലും പതറാത്ത ആത്മവീര്യത്തിന്റെ അടയാളവാക്യമായിരുന്ന ആ പെൺകുട്ടിയെ ഈ കത്തെഴുതിയ അതേദിവസംതന്നെ നാസികൾ കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നു!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home