print edition മഴയിൽ വിരിഞ്ഞു ഫ്രാൻസ്

image: fifa.com
ഫിലാഡൽഫിയ: പേമാരിയും കൊടുങ്കാറ്റും ഫ്രാൻസിനെ തളർത്തിയില്ല. ലോകകപ്പ് ചരിത്രത്തിലാദ്യമായി രണ്ട് മണിക്കൂറും 11 മിനിറ്റും നിർത്തിവച്ച കളിയിൽ ഇറാഖിനെ മൂന്ന് ഗോളിന് തകർത്ത് മുൻചാമ്പ്യൻമാർ ലോകകപ്പ് നോക്കൗട്ടിലേക്ക് കുതിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ‘ഐ’യിൽ ആറ് പോയിന്റുമായി ഒന്നാമതാണ്. ഫിലാഡൽഫിയ സ്‌റ്റേഡിയത്തിൽ ആദ്യപകുതിക്കുശേഷമായിരുന്നു മത്സരം താൽക്കാലികമായി നിർത്തിവച്ചത്. കാലാവസ്ഥ അനുകൂലമായശേഷം കളി തുടങ്ങി. കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടിയപ്പോൾ ഉസ്‌മാൻ ഡെംബെലെയും വലകണ്ടു. ലോകകപ്പിൽ ഡെംബെലെയുടെ ആദ്യ ഗോളാണ്.
നോർവെയോട് 4–1ന് തോറ്റെത്തിയ ഇറാഖിനെ ഫ്രാൻസ് അനങ്ങാൻ വിട്ടില്ല. ഇരുൾമൂടിയ മൈതാനത്ത് യൂറോപ്യൻ പട സർവാധിപത്യം പുലർത്തി. പന്തിലും മുന്നേറ്റത്തിലുമെല്ലാം ദിദിയെർ ദെഷാമിന്റെ ടീം നിറഞ്ഞു. ഇറാഖിന് ഫ്രഞ്ച് വലയിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. 14–ാം മിനിറ്റിൽ മൈക്കേൽ ഒലീസെ നൽകിയ പന്തിൽനിന്നാണ് എംബാപ്പെ ലീഡ് സമ്മാനിച്ചത്. ആദ്യപകുതി അവസാനഘട്ടത്തിലേക്ക് നീങ്ങവെ മഴയെത്തി. പിന്നാലെ ഇടവേള. ഇതിനിടെ കൊടുങ്കാറ്റുമെത്തി. മത്സരം അരമണിക്കൂർ നിർത്തിവച്ചതായി ആദ്യ അറിയിപ്പെത്തി. കാലാവസ്ഥ പ്രതികൂലമായതോടെ ഇത് രണ്ട് മണിക്കൂറോളം നീണ്ടു.
ദൈർഘ്യമേറിയ ഇടവേള കഴിഞ്ഞെത്തിയ ഉടനെ എംബാപ്പെ ലീഡുയർത്തി. വൈകാതെ ഡെംബെലെയും ലക്ഷ്യം കണ്ടു. നിലവിലെ ബാലൻ ഡി ഓർ ജേതാവിന്റെ പ്രധാന ടൂർണമെന്റിലെ ഫ്രാൻസിനായുള്ള ആദ്യ ഗോളാണിത്.










0 comments