ad
Deshabhimani

print edition "തോറ്റവരുടെ ഫൈനൽ'

France England Bronze Final
വെബ് ഡെസ്ക്

Published on Jul 18, 2026, 12:06 AM | 1 min read

മയാമി: തോറ്റവർ ജയിക്കാനായി ഇറങ്ങുന്നു. ലോകകപ്പ്‌ സെമിയിൽ വീണ ഫ്രാൻസും ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്തിനായി നേർക്കുനേർ. നാളെ പുലർച്ചെ 2.30ന്‌ മയാമി സ്‌റ്റേഡിയത്തിലാണ്‌ ലൂസേഴ്‌സ്‌ ഫൈനൽ. ‘ഇ‍ൗ മത്സരം കളിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളും ഫ്രാൻസും അങ്ങനെത്തന്നെ. എല്ലാവരും ഇവിടെയെത്തിയത്‌ ലോകചാമ്പ്യൻമാരാവുക എന്ന ലക്ഷ്യത്തോടെയാണ്‌. എന്നാൽ പ്രഫഷണലായി ലൂസേഴ്‌സ്‌ ഫൈനലിനെ സമീപിക്കും’–ഇംഗ്ലണ്ട്‌ പരിശീലകൻ തോമസ്‌ ടുഷെലിന്റെ വാക്കുകളിലുണ്ടെല്ലാം.


നിരാശയിലാണെങ്കിലും യൂറോപ്യൻ ടീമുകൾ തമ്മിലുള്ള പോരാട്ടം കടുത്തതാകും. മൂന്നാം സ്ഥാനവുമായി അഭിമാനപൂർവം നാട്ടിലേക്ക്‌ മടങ്ങുകയെന്നതാകും ലക്ഷ്യം. കഴിഞ്ഞ ലോകകപ്പ്‌ ക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ്‌ 2–1ന്‌ ജയിച്ചു.


സെമിയിൽ സ്‌പെയ്‌നിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റതാണ്‌ ഫ്രാൻസ്‌. അതുവരെ ഗോളടിച്ചും എതിരാളിയെ തകർത്തും മുന്നേറിയ കിലിയൻ എംബാപ്പെയ്‌ക്കും കൂട്ടർക്കും സ്‌പെയ്‌നിന്റെ അച്ചടക്കമുള്ള കളിയിൽ ശ്വാസംമുട്ടി. പൊരുതാതെയായിരുന്നു കീഴടങ്ങൽ. ഇംഗ്ലണ്ടിനെതിരെ ഗോളടിച്ചാൽ എംബാപ്പെയ്‌ക്ക്‌ ഒമ്പത്‌ ഗോളാകും. ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ലയണൽ മെസിക്ക്‌ പിറകിലാണ്‌ ഫ്രഞ്ച്‌ ക്യാപ്‌റ്റൻ. എട്ട്‌ ഗോളും മൂന്ന്‌ അവസരവുമാണ്‌ എംബാപ്പെയ്‌ക്ക്‌. മെസിക്ക്‌ എട്ട്‌ ഗോളാണെങ്കിലും നാല്‌ അവസരമുണ്ട്‌. ഇരുവർക്കും ശേഷിക്കുന്ന ഏക മത്സരം നിർണായകമാണ്‌. ലൂസേഴ്‌സ്‌ ഫൈനലോടെ സ്ഥാനമൊഴിയുന്ന ഫ്രഞ്ച്‌ പരിശീലകൻ ദിദിയെർ ദെഷാമിന്‌ അർഹിച്ച യാത്രയപ്പും ഫ്രാൻസ്‌ മനസ്സിൽ കാണുന്നുണ്ട്‌.


നിലവിലെ ജേതാക്കളായ അർജന്റീനയോട്‌ മുന്നിട്ടുനിന്നിട്ടും തോറ്റതിന്റെ ആഘാതത്തിലാണ്‌ ഇംഗ്ലണ്ട്‌. പരിശീലകൻ ടുഷെലിന്റെ തന്ത്രങ്ങളിൽ കളിക്കാരിൽ പലർക്കും അമർഷമുണ്ട്‌. അമിത പ്രതിരോധമാണ്‌ തോൽവി വിളിച്ചുവരുത്തിയതെന്ന വിമർശനത്തിനിടയിലാണ്‌ ഇംഗ്ലീഷ്‌ കോച്ച്‌. അതിനാൽ ഫ്രാൻസിനെതിരെ പരിശീലകന്‌ ജയം അനിവാര്യമാണ്‌. ഹാരി കെയ്‌ൻ, ജൂഡ്‌ ബെല്ലിങ്‌ഹാം സഖ്യത്തിലാണ്‌ പ്രതീക്ഷകളെല്ലാം.


ലോകകപ്പിൽ ഇരുടീമുകളും മൂന്ന്‌ പ്രാവശ്യം നേർക്കുനേർ എത്തിയപ്പോൾ ഇംഗ്ലണ്ട്‌ രണ്ടിൽ ജയിച്ചു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home