ലോകകപ്പ് ഫുട‍്ബോളോടെ രാജ്യാന്തര വേദി വിട്ട് പ്രമുഖ താരങ്ങൾ
print edition കളി കഴിഞ്ഞു, കളംവിട്ടു

ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോൾ ആവേശം അവസാനിക്കുന്നതിനൊപ്പം ലോകതാരങ്ങളിൽ പലരും ബൂട്ടഴിക്കുകയാണ്. ബ്രസീൽ താരം നെയ്‌മർ, ജർമൻ ഗോൾകീപ്പർ മാനുവേൽ നോയെ, അൾജീരിയൻ ക്യാപ്‌റ്റൻ റിയാദ് മഹ്‌റെസ്, മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ, ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്, സാദിയോ മാനെ എന്നിവരാണ് ലോകകപ്പ് തോൽവിയോടെ രാജ്യാന്തര ഫ-ുട്‌ബോളിൽനിന്ന് വിരമിച്ചത്.
ലോകകപ്പോടെ വിരമിച്ച പ്രധാന കളിക്കാർ...
1. മാനുവേൽ നോയെ (ജർമനി, 40)
2009 ജൂണിലാണ് നോയെയുടെ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ഗോൾകീപ്പർ എന്ന വാക്കിന്റെ അർഥംതന്നെ മാറ്റുന്ന പ്രകടനമായിരുന്നു പിന്നീട്. ധൈര്യത്തോടെ ബോക്‌സിന് പുറത്തേക്കിറങ്ങി. മത്സരഗതി മനസിലാക്കുന്നതിൽ അസാമാന്യ പാടവം കാണിച്ചു. 2014ൽ ജർമനി ജേതാക്കളായപ്പോൾ നിർണായക സാന്നിധ്യമായി. മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 2026 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടു. ജർമനിക്ക് പക്ഷേ, മുന്നേറാനായില്ല. 17 വർഷത്തിനിടയിൽ അഞ്ച് ലോകകപ്പ് കളിച്ചു. 128 മത്സരങ്ങൾക്കിറങ്ങി.
2. നെയ്‌മർ (ബ്രസീൽ, 34)
2010ൽ ആഗസ്‌തിൽ അരങ്ങേറ്റംകുറിച്ച അമേരിക്കൻമണ്ണിൽതന്നെ നെയ്‌മർ ബ്രസീൽ കുപ്പായമഴിച്ചു. ലോക ഫുട്‌ബോളിലെ പ്രതിഭകളിലൊരാൾ. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ. ഫിഫ കോൺഫെഡറേഷൻസ് കപ്പിലും 2016 ഒളിന്പിക്‌സിലും ജേതാക്കളാക്കി. എങ്കിലും ലോകകപ്പ് ഉയർത്തുമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് നെയ്‌മർ മടങ്ങുന്നത്. 130 കളിയിൽ 80 ഗോളടിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെയോട് തോറ്റാണ് മടക്കം.
3. റിയാദ് മഹ്‌റെസ് (അൾജീരിയ, 35)
അൾജീരിയൻ സുവർണനിരയുടെ നായകനായിരുന്നു മഹ്‌റെസ്. കളിക്കാരനുമപ്പുറം ടീമിൽ സ്വാധീനമുണ്ടാക്കി. രാജ്യാന്തര ഫുട്‌ബോളിൽ അൾജീരിയക്ക് മേൽവിലാസമുണ്ടാക്കി. 2014ൽ രാജ്യം ആദ്യമായി നോക്കൗട്ടിലെത്തിയപ്പോൾ മഹ്‌റെസും ഭാഗമായി. 2019ൽ സെനെഗലിനെ തോൽപ്പിച്ച് ആഫ്രിക്കൻ നേഷൻസ് ലീഗ് ജേതാക്കളായി. സെമിയിൽ നൈജീരിയക്കെതിരെ വിജയഗോൾ നേടിയത് മഹ്‌റെസായിരുന്നു. 2026 ലോകകപ്പിനുശേഷം വിരമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
4. ഗില്ലെർമോ ഒച്ചോവ (മെക്‌സിക്കോ, 41)
തുടർച്ചയായ ആറ് ലോകകപ്പിൽ കളിച്ച ആദ്യ മെക്‌സിക്കോ താരമാണ്. 2005ലായിരുന്നു അരങ്ങേറ്റം. 2014 ലോകകപ്പിലായിരുന്നു മികച്ച പ്രകടനങ്ങൾ കണ്ടത്. ബ്രസീലിനെതിരെയും ജർമനിക്കെതിരെയും തകർപ്പൻ സേവുകൾ കണ്ടു. 2022 ലോകകപ്പിൽ പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി തടഞ്ഞ നീക്കവും ശ്രദ്ധേയമായി. വീരോചിത യാത്രയയപ്പാണ് മെക്‌സിക്കോ ഒരുക്കിയത്.
5. പാട്രിക് ഷിക്ക് (ചെക്ക് റിപ്പബ്ലിക്, 30)
ചെക്ക് റിപ്പബ്ലിക്കിന്റെ മികച്ച ഗോളടിക്കാരൻ. 2020 യൂറോയിൽ സ്‌കോട്‌ലൻഡിനെതിരെ 50 വാര ദൂരത്തുനിന്ന് നേടിയ ഗോൾ എക്കാലത്തും ഓർമയിൽ സൂക്ഷിക്കപ്പെടുന്നതായി. ടൂർണമെന്റിലെ മികച്ച ഗോളായും അത് തെരഞ്ഞൈടുക്കപ്പെട്ടു. 2016ലായിരുന്നു അരങ്ങേറ്റം. മാൾട്ടയ്‌ക്കെതിരെ ഗോളുമായി തുടങ്ങി. പത്ത് വർഷത്തിനുശേഷം വിരമിക്കൽ. പ്രതീക്ഷയോടെ വന്ന ചെക്കിന് ആദ്യറൗണ്ട് മറികടക്കാനായില്ല.
6. സാദിയോ മാനെ (സെനെഗൽ, 34)
സെനെഗലിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ. ദേശീയ കുപ്പായത്തിൽ പതിനാല് വർഷത്തെ കളിജീവിതമാണ് അവസാനിപ്പിച്ചത്. നോക്കൗട്ടിൽ ബൽജിയത്തോട് പൊരുതിത്തോറ്റ് മടങ്ങുകയായിരുന്നു സെനെഗൽ. രാജ്യത്തിനായി 130 കളിയിൽ 54 ഗോളടിച്ചു. അർജന്റീനയുടെ നിക്കോളാസ് ഒട്ടമെൻഡി, ഓസ്‌ട്രിയയുടെ മാർകോ അർണോടോവിച്ച്, സ്‌കോട്‌ലൻഡിന്റെ നാൽപ്പത്തിമൂന്നുകാരൻ ഗോൾകീപ്പർ ക്രിസ് ഗോഡൻ, ഇക്വഡോറിന്റെ എന്നെർ വലെൻഷ്യ എന്നിവരും വിരമിച്ചു.










0 comments