print edition തെലങ്കാന സർക്കാർ കർഷകരെ ദ്രോഹിക്കുന്നു

തീഗാല സാഗർ
എം പ്രശാന്ത്
Published on Nov 17, 2026, 03:03 AM | 1 min read
മല്ല റെഡ്ഡി നഗർ (നൽഗൊണ്ട): തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ കർഷകദ്രോഹ നിലപാടുകൾക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കിസാൻസഭ. എൽനിനോ പ്രതിഭാസം സൃഷ്‌ടിച്ച കടുത്ത വരൾച്ചയിൽ തെലങ്കാനയിലെ പകുതിയോളം കൃഷിയിടങ്ങൾ ഉണങ്ങിക്കരിഞ്ഞു. എന്നാൽ കർഷകർക്ക് സഹായമെത്തിക്കാൻ സർക്കാർ തയ്യാറല്ല. അനാസ്ഥ തുടർന്നാൽ സൂര്യാപേട്ട് മുതൽ ഹൈദരാബാദ് വരെ 150 കിലോമീറ്റർ ദൂരത്തിൽ ലക്ഷം കർഷകരെ അണിനിരത്തി പദയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കിസാൻസഭ. കോൺഗ്രസ് സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളെക്കുറിച്ചും അതിനെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ചും കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി തീഗാല സാഗർ സംസാരിക്കുന്നു:
മൂന്നുവർഷത്തെ കോൺഗ്രസ് ഭരണത്തിൽ എന്താണ് കർഷകരുടെ അവസ്ഥ?
കർഷകർക്ക് വലിയ വാഗ്‌ദാനങ്ങൾ നൽകിയാണ് രേവന്ത് റെഡ്ഡി അധികാരത്തിലെത്തിയത്. ഒന്നും നടപ്പായില്ല. നെല്ല്, പരുത്തി, ചോളം, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയ്‌ക്ക് ബോണസ് വാഗ്‌ദാനംചെയ്‌തു. നെല്ലിന് മാത്രം 500 രൂപ ബോണസുണ്ട്. കരിമ്പ്, മഞ്ഞൾ, മുളക്, മണിച്ചോളം എന്നീ നാല് വിളകൾക്ക് മിനിമം താങ്ങുവില വാഗ്‌ദാനം ചെയ്‌തു. നടപ്പാക്കിയിട്ടില്ല.
തെലങ്കാനയിൽ 25 ലക്ഷം പാട്ടക്കർഷകരുണ്ട്. 30 ശതമാനം കൃഷിയും ഇവരുടേതാണ്. ഇവർക്ക് വായ്‌പയ്‌ക്ക് അർഹതയില്ല. എല്ലാവർക്കും വായ്‌പാ യോഗ്യതാ കാർഡുകൾ നൽകുമെന്ന് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തെങ്കിലും നടപ്പായില്ല. മിനിമം താങ്ങുവിലയോ വിള ഇൻഷുറൻസോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ പാട്ടക്കർഷകർക്കില്ല. വനഭൂമിയിൽ കൃഷി ചെയ്യുന്ന ആദിവാസി കർഷകരും ദുരിതത്തിലാണ്. അവർക്ക് പട്ടയം വാഗ്‌ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. വികസന പദ്ധതികളുടെ പേരിൽ കർഷകരിൽനിന്ന് ബലമായി ഭൂമി പിടിച്ചെടുക്കുകയാണ്. അർഹമായ നഷ്‌ടപരിഹാരമില്ല. വരൾച്ചയിൽ 365 മണ്ഡലുകളിൽ കൃഷി നശിച്ചു. ഒരു രൂപയുടെ സഹായം സർക്കാർ നൽകിയില്ല.
തെലങ്കാനയിൽ കിസാൻസഭയുടെ വളർച്ച?
2014 ൽ തെലങ്കാന രൂപീകരിക്കുമ്പോൾ 93,000 മാത്രമായിരുന്നു കിസാൻസഭ അംഗങ്ങൾ. ഇപ്പോൾ അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ സമ്മേളനത്തേക്കാൾ ഒന്നരലക്ഷം അംഗങ്ങൾ കൂടി. നൽഗൊണ്ടയിൽ മാത്രം ഒരു ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. പുതിയ മേഖലകളിലേക്ക് സംഘടനയെ വ്യാപിപ്പിക്കാനായി. ഓരോ വിളകൾക്കും പ്രത്യേക സംഘടനകളുണ്ട്. അംഗബലം പത്ത് ലക്ഷമാക്കുകയാണ് ലക്ഷ്യം.








0 comments