print edition മുഖ്യമന്ത്രി വസതിയുടെ ചെലവിനെ കുറിച്ച് മിണ്ടില്ല; മന്ത്രി മന്ദിരത്തിന്റെ മോടിക്ക് 5.63 കോടി

വി ഡി സതീശൻ

വി എസ് വിഷ്‌ണുപ്രസാദ്
Published on Nov 17, 2026, 03:10 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ഇതുവരെ ചെലവാക്കിയത് 5.63 കോടി രൂപയെന്ന് വിവരാവകാശരേഖ. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് എത്ര ചെലവഴിച്ചു എന്ന് വിവരാവകാശം വഴി ചോദിക്കുന്നവർക്ക് മറുപടി നൽകുന്നില്ല. പൊതുപ്രവർത്തകനായ പി കെ രാജു നൽകിയ വിവരാവകാശത്തിനാണ് പൊതുമരാമത്ത് വകുപ്പ് ഇങ്ങനെ മറുപടി നൽകിയിരിക്കുന്നത്. ക്ലിഫ് ഹൗസിൽ എസി മാറ്റിസ്ഥാപിക്കുന്നതിന് 4.36 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 3.50 ലക്ഷം രൂപയും ചെലവഴിച്ചു എന്നാണ് കണക്ക്.
ഒക്‌ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത് വിവാദമായപ്പോൾ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ഉത്തരവ് ഇറങ്ങിയതെന്ന് പറഞ്ഞാണ് തടിയൂരിയത്. എന്നാൽ മോടി പിടിപ്പിച്ച ശേഷമാണ് വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റിയത്. ആദ്യഘട്ട നവീകരണത്തിന്റെയും രണ്ടാംഘട്ട നവീകരണത്തിന്റെയും ആകെ ചെലവാണ് വിവരാകാശ പരിധിയിൽനിന്ന് മറയ്ക്കുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയായ പന്പയിൽ വൈദ്യുതീകരണത്തിനും ശീതീകരണത്തിനും വേണ്ടി 11 ലക്ഷത്തിലേറെ ചെലവഴിച്ചു. 31.43 ലക്ഷം രൂപയാണ് നവീകരണത്തിന് അനുമതി നൽകിയത്. അനൂപ് ജേക്കബ് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവിന് 81.06 ലക്ഷം, എം ലിജു താമസിക്കുന്ന അജന്ത ബംഗ്ലാവിന് 58.47 ലക്ഷം എൻ ഷംസുദ്ദീൻ താമസിക്കുന്ന നെസ്‌റ്റ് ബംഗ്ലാവിന് 40.66 ലക്ഷം പി കെ ബഷീറിന്റെ വസതിയായ ഉഷസിന് 40.03 ലക്ഷം കെ എം ഷാജിയുടെ പൗർണമിയിൽ 40.81 ലക്ഷം എന്നിങ്ങനെയാണ് ചെലവ്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം നടത്തിയ പ്രവൃത്തികളുടെ തുകയാണിത്. ഫർണിച്ചർ, കർട്ടനുകൾ എന്നിവ വാങ്ങുന്നത് ടൂറിസം വകുപ്പ് മുഖേനയാണ്. ഇൗ തുകകൂടി ചേരുന്പോൾ ചെലവ് വീണ്ടും വർധിക്കും.









0 comments