print edition കൊള്ളക്കച്ചവടം: മൗനം തുടർന്ന് സർക്കാർ

വി ഡി സതീശൻ
ഒ വി സുരേഷ്
Published on Nov 17, 2026, 03:25 AM | 1 min read
തിരുവനന്തപുരം: ജിഎൻഎയുമായുള്ള വൈദ്യുതി കരാർനീക്കം കൈയോടെ പിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ന്യായീകരണം ‘ഒപ്പിട്ടിട്ടില്ലല്ലോ’ എന്നായിരുന്നെങ്കിൽ അതിനുമുമ്പ് ഒപ്പിട്ട, സർക്കാർ മറച്ചുവച്ച വിഇഎച്ച് കരാറിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് മൗനം. 200 മെഗാവാട്ട് വൈദ്യുതിക്ക് 11 രൂപ എന്ന ഉയർന്ന വില നൽകാമെന്ന് ആര് തീരുമാനിച്ചു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ റെഗുലേറ്ററി കമീഷൻ ഉയർത്തിയ സാഹചര്യത്തിൽ, എല്ലാത്തിനും സർക്കാർ മറുപടി പറയേണ്ടിവരും എന്നുറപ്പ്.
2003ലെ കേന്ദ്ര വൈദ്യുതി നിയമപ്രകാരമേ വൈദ്യുതി വാങ്ങാനാകൂ എന്നിരിക്കെയുള്ള സർക്കാരിന്റെ നിയമലംഘനത്തിനുപിന്നിൽ അഴിമതി ആരോപണമാണ് ഉയരുന്നത്. സെപ്‌തംബർ 19ന് വിഇഎച്ചിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള ഫയൽ തുറന്നശേഷം അതിവേഗമായിരുന്നു നീക്കം. ഉറപ്പില്ലാത്ത വൈദ്യുതിയാണ് കാറ്റിൽനിന്നുള്ളത് എന്നിരിക്കെ തിരക്കിട്ട നീക്കം എന്തിനുവേണ്ടിയെന്ന ചോദ്യവും ഉയരുന്നു. മറ്റുള്ള വൈദ്യുതിക്കായി കരാറിൽ ഒപ്പിട്ടാൽ അത്രയും യൂണിറ്റ് ലഭിക്കും. കാറ്റിൽനിന്നുള്ളതിന് ഇൗ സാധ്യതയില്ല. കാറ്റുണ്ടെങ്കിലേ ജനറേറ്റർ പ്രവർത്തിക്കൂ. റെഗുലേറ്ററി കമീഷനിൽനിന്ന് അനുമതിതേടാൻ സമയമുണ്ടായിരുന്നു. വൈദ്യുതി വാങ്ങിയശേഷം ഒക്‌ടോബർ അവസാനം നൽകിയ അപേക്ഷയ്‌ക്കൊപ്പം രേഖകൾ സമർപ്പിക്കാതിരുന്നതും പലതും മറച്ചുവയ്‌ക്കാനാണ്.
ഒക്‌ടോബറിൽ അവസാനിക്കുമായിരുന്ന, ഹിമാചൽ കരാർ നീട്ടാൻ സെപ്‌തംബറിൽ കെഎസ്‌ഇബി ശ്രമം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ജിഎൻഎയുടെ വരവ്. കെ സി വേണുഗോപാൽ വഴിയാണ് ഹിമാചൽ കരാറുണ്ടായത്. ഇൗ കരാർ നീട്ടണമെങ്കിൽ ജിഎൻഎയിൽ ഒപ്പിടണമെന്ന് കെഎസ്‌ഇബി ചെയർമാൻ ആയിരുന്ന എം ജി രാജമാണിക്യത്തോട് ഉന്നതതലത്തിൽ ആവശ്യപ്പെട്ടു. രേഖാമൂലമല്ലാത്ത ആവശ്യം അംഗീകരിക്കാത്തതോടെ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തുനിന്ന് തെറിപ്പിച്ചു. ആറുമാസം തികയുംമുന്പേയുള്ള കൊള്ളക്കച്ചവടം ഇൗ സർക്കാർ എങ്ങോട്ടെന്നതിന്റെ സൂചനയാണ്.








0 comments