ജില്ലാ ശാസ്ത്രമേള വിധിനിർണയത്തിൽ അപാകമെന്ന് ആരോപണം

കാസർകോട് സ്കൂൾ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളുടെ വിധിനിർണയത്തിൽ അപാകം ആരോപിച്ച് മത്സരാർഥികളും രക്ഷിതാക്കളും രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മുമ്പാകെ അപ്പീൽ സമർപ്പിച്ചിരുന്നെങ്കിലും അപ്പീൽ തള്ളിയതായും പരാതിപ്പെട്ടു. സിംഗിൾ ഫേസ് ഹൗസ് വയറിങ്, വുഡ് വർക്ക്, മെറ്റൽ എൻഗ്രേവിങ് മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളാണ് പരാതിയുമായെത്തിയത്. മത്സരങ്ങളുടെ വിധിനിർണയം നടത്തിയ വിധികർത്താക്കളുടെ യോഗ്യത, സാങ്കേതിക പരിജ്ഞാനം, വിധിനിർണയത്തിന് സ്വീകരിച്ച മാനദണ്ഡങ്ങൾ എന്നിവയിൽ വ്യക്തത വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിധിനിർണയത്തിൽ സംശയങ്ങളും പരാതികളും ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകിയിട്ടും അത് തള്ളിയതിൽ കടുത്ത നിരാശയുണ്ടെന്നും ഇവർ വ്യക്തമാക്കി. കോടതി ഉത്തരവിനോടോ അതിലെ നിബന്ധനകളോടോ തങ്ങൾക്ക് യാതൊരു എതിർപ്പില്ലെന്നും ഇവർ പറയുന്നു. ഒരു മത്സരത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ, തങ്ങളുടെ പ്രധാന പരാതി കോടതി ഉത്തരവിനെക്കുറിച്ചല്ലെന്നും വിധികർത്താക്കളുടെ യോഗ്യതയും വിധിനിർണ്ണയത്തിലെ സുതാര്യതയും അപ്പീൽ പരിഗണിച്ച രീതിയുമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിധിനിർണ്ണയവുമായി ബന്ധപ്പെട്ട പരാതികൾ നിഷ്പക്ഷമായി പരിശോധിക്കണമെന്നും വിധികർത്താക്കളുടെ യോഗ്യതയും നടപടിക്രമങ്ങളും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് മത്സരാർഥികൾക്ക് നീതി ഉറപ്പാക്കണമെന്നും പറഞ്ഞു. വാർത്താസമ്മേളനത്തിൽ മിദിലാജ്, മിഥുൻ കെ മധു, പി റിദുൽ, മധു കോടോത്ത്, പി വിദ്യ, ഇ കെ നസീർ എന്നിവർ സംബന്ധിച്ചു.








0 comments