ഫൈനലിസിമ റദ്ദാക്കി; മെസി- യമാൽ പോരാട്ടത്തിന് ഇനിയും കാത്തിരിക്കണം

ദോഹ: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അർജന്റീന x സ്‌പെയ്‌ൻ ഫൈനലിസിമ ഫുട്‌ബോൾ മത്സരം റദ്ദാക്കി. ലാറ്റിനമേരിക്കൻ ജേതാക്കളായ അർജന്റീനയും യൂറോപ്യൻ ജേതാക്കളായ സ്‌പെയ്‌നും തമ്മിൽ ഖത്തറിലെ ദോഹയിൽ മാർച്ച് 27-നാണ് മത്സരിക്കേണ്ടിയിരുന്നത്. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ദോഹയിൽ കളി നടക്കില്ല.
സ്‌പെയ്‌നിലെ മാഡ്രിഡാണ് യുവേഫ പകരം വേദിയായി നിശ്‌ചയിച്ചത്. അല്ലെങ്കിൽ മാഡ്രിഡിലും അർജന്റീനയിലെ ബ്യൂണസ് ഐറിസിലുമായി ഇരുപാദ മത്സരം നടത്താമെന്ന നിർദേശവും മുന്നിൽവച്ചു. രണ്ട് നിർദേശങ്ങളും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തള്ളി. ഇതോടെ ഫൈനലിസിമ നടക്കില്ലെന്ന് യുവേഫ വ്യക്തമാക്കി. അർജന്റീനയാണ് നിലവിലെ ജേതാക്കൾ.
സ്പാനിഷ് യുവതാരം ലാമിൻ യമാലും സൂപ്പർ താരം ലയണൽ മെസിയും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഇത്തവണത്തെ ഫൈനലിസിമ വിലയിരുത്തപ്പെട്ടിരുന്നത്. ലോകകപ്പിനു മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കെയാണ് മത്സരം ഉപേക്ഷിക്കുന്നത്.










0 comments