print edition സന്നാഹ മത്സരത്തിൽ ജർമനിക്കും തകർപ്പൻ ജയം; ആറടിച്ച് ബ്രസീൽ

പാനമയ്ക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ബ്രസീലിന്റെ കാസെമിറോയും വിനീഷ്യസ് ജൂനിയറും
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കം ഗംഭീരമാക്കി ബ്രസീൽ. പാനമയെ 6–2ന് തകർത്തു. ആതിഥേയരായ മെക്‌സിക്കോ ഓസ്‌ട്രേലിയയെ ഒരു ഗോളിന് കീഴടക്കിയപ്പോൾ സെർബിയയെ മൂന്ന് ഗോളിന് തോൽപ്പിച്ച് കേപ് വെർദെ ഞെട്ടിച്ചു. ജർമനി, അമേരിക്ക ടീമുകളും ജയം നേടി.
തകർപ്പൻ കളിയായിരുന്നു ബ്രസീലിന്റേത്. ആറ് വ്യത്യസ്‌ത ഗോളടിക്കാരായിരുന്നു. വിനീഷ്യസ് ജൂനിയർ, കാസെമിറോ, ലൂകാസ് പക്വേറ്റ, ഇഗർ തിയാഗോ, ഡാനിലോ എന്നിവർ ലക്ഷ്യം കണ്ടു. പാനമ നേടിയ ഒരു ഗോൾ ബ്രസീലുകാരൻ മതിയാസ് കുന്യയുടെ പിഴവായിരുന്നു.
ജർമനി നാല് ഗോളിന് ഫിൻലൻഡിനെ നിലംപരിശാക്കി.
ഡെനിസ് ഉൻഡാവിന്റെ ഇരട്ടഗോളാണ് ജർമനിക്ക് കരുത്തായത്. ഫ്‌ളോറിയാൻ വിറ്റ്‌സിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ഒരു വർഷത്തിനുശേഷം ദേശീയ കുപ്പായത്തിൽ ജമാൽ മുസിയാല ഗോളടിച്ചതും ജർമനിക്ക് ആത്മവിശ്വാസം നൽകി.
ലോകകപ്പിലെ നവാഗതരായ കേപ് വെർദെയും കരുത്തുകാട്ടി. യൂറോപ്യൻ സംഘം സെർബിയയെ ആഫ്രിക്കൻ ടീം പൂട്ടി. കെവിൻ ലെനിനി, ലാറോസ് ഡുറാതെ, ഗിൽസൺ ബെഞ്ചിമോൽ എന്നിവരാണ് കേപ് വെർദെയ്‌ക്കായി ഗോളടിച്ചത്.
ചെക്ക് റിപ്പബ്ലിക് 2–1ന് കൊസാവോയെ കീഴടക്കി. സ്വിറ്റ്‌ർലൻഡ് 4–1നെ ജോർദാനെ തോൽപ്പിച്ചു. ഐസ്‌ലൻഡിനെ ഒരു ഗോളിന് തോൽപ്പിച്ച് ജപ്പാനും ജയം കുറിച്ചു. കുറസാവോയെ സ്‌കോട്‌ലൻഡ് 4–1ന് തകർത്തു. ഇക്വഡോർ സൗദി അറേബ്യയെയും 2–1നും ദക്ഷിണ കൊറിയ 5–0ന് ട്രിനിഡാഡ് ആൻഡ് ടുബാഗോയെയും തോൽപ്പിച്ചു.










0 comments