ad
Deshabhimani

ഫുട്ബോൾ സ്വപ്നങ്ങളിലേക്ക് ഇറാനിയൻ കുട്ടികൾ; ആവേശം പകർന്ന് ഫിഫ ലോകകപ്പ്

iran kids

ടെഹ്റാനിലെ ഒരു ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ|Photo Credit:AFP

വെബ് ഡെസ്ക്

Published on Jun 21, 2026, 09:35 AM | 2 min read

ടെഹ്‌റാൻ: മാസങ്ങൾ നീണ്ടുനിന്ന സംഘർഷ സാഹചര്യങ്ങളിൽ നിന്ന് ഇറാനിലെ കുട്ടികളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിക്കുകയാണ് ഫിഫ ലോകകപ്പ് ആവേശം. ഇറാനും അമേരിക്കയും തമ്മിലുണ്ടായ സംഘർഷ സാഹചര്യത്തെ തുടർന്ന് നിരവധി കുട്ടികളായിരുന്നു വീടുകളിൽ തന്നെ ഒതുങ്ങിപ്പോയത്.


എന്നാൽ ഫുട്ബോളിലെ ഈ മഹാമാമാങ്കം കുട്ടികളെ വീണ്ടും ഫുട്ബോൾ അക്കാദമികളിലേക്ക് ആകർഷിക്കുന്നതായി പരിശീലകർ വ്യക്തമാക്കുന്നു. സംഘർഷ സാഹചര്യം കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് അക്കാദമികളിൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് ടെഹ്‌റാനിലെ യൂത്ത് പ്രോഗ്രാമുകളുടെ ചുമതലക്കാരനായ മുഹമ്മദ് ഘിയാസി പറയുന്നു.


എന്നാൽ ഇറാന്റെ ദേശീയ ടീം ലോകകപ്പിന് യോഗ്യത നേടിയതോടെ അക്കാദമികളിലേക്കുള്ള രജിസ്ട്രേഷൻ ഗണ്യമായി വർദ്ധിച്ചതായും നിലവിൽ നൂറുകണക്കിന് കുട്ടികൾ പരിശീലനത്തിന് എത്തുന്നുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കി.


വെല്ലുവിളികൾ നിറഞ്ഞ ലോകകപ്പ് യാത്ര


കാനഡ, മെക്സിക്കോ എന്നിവർക്കൊപ്പം അമേരിക്കയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റിലേക്ക് ആദ്യമേ തന്നെ യോഗ്യത നേടിയ ടീമുകളിലൊന്നാണ് 'ടീം മെല്ലി' എന്നറിയപ്പെടുന്ന ഇറാന്റെ ദേശീയ ടീം.


ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഇത്തവണ ബൂട്ട് കെട്ടുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 2-2 ന് സമനില പങ്കിട്ട ഇറാൻ, ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഞായറാഴ്ച ബെൽജിയത്തെ നേരിടും. ഈ ഗ്രൂപ്പിൽ ഈജിപ്താണ് ഇറാന്റെ മറ്റൊരു എതിരാളി.


യുദ്ധത്തെത്തുടർന്നുള്ള തർക്കങ്ങൾ ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിച്ചിരുന്നു. പരിശീലന ക്യാമ്പ് അരിസോണയിൽ നിന്ന് മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിലേക്ക് അവർക്ക് മാറ്റേണ്ടി വന്നു. ഇറാന്റെ പ്രതിനിധി സംഘത്തിലെ 15 പേർക്ക് അമേരിക്ക വിസ നിഷേധിച്ചതായും ഇറാൻ അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു.


ഫെബ്രുവരി 28-ന് ഇറാനിലെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് അഞ്ച് ആഴ്ചയിലധികം നീണ്ടുനിന്ന കടുത്ത യുദ്ധത്തിന് ശേഷം ഏപ്രിൽ ആദ്യവാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.


പ്രതീക്ഷയോടെ കുടുംബങ്ങൾ


സംഘർഷ സാഹചര്യം കാരണം ഇറാന്റെ വിദ്യാഭ്യാസ മേഖലയും കായിക അക്കാദമികളും പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. നിലവിൽ പ്രതിസന്ധികൾക്കിടയിലും 400 നും 500 നും ഇടയിൽ കുട്ടികൾ അക്കാദമിയിൽ പരിശീലനത്തിന് എത്തുന്നുണ്ടെന്നാണ് ഘിയാസിയുടെ കണക്ക്.


ലോകകപ്പിൽ ഇറാൻ മികച്ച പ്രകടനം പുറത്തെടുത്താൽ കുട്ടികളുടെയും കുടുംബങ്ങളുടെയും ആവേശം ഇരട്ടിക്കുമെന്നും കൂടുതൽ കുട്ടികൾ മൈതാനത്തേക്ക് തിരികെയെത്തുമെന്നും കോച്ച് പേമാൻ ഇഖ്ബാലി പ്രത്യാശ പ്രകടിപ്പിച്ചു.


നിലവിലെ സാഹചര്യങ്ങളിൽ വലിയ ആശങ്കയും അനിശ്ചിതത്വവുമുണ്ടെങ്കിലും ലോകകപ്പ് വന്നതോടെ മാനസികമായ പിരിമുറുക്കങ്ങൾക്ക് വലിയ ആശ്വാസം ലഭിച്ചതായി അക്കാദമിയിൽ കുട്ടിയെ പരിശീലനത്തിന് അയക്കുന്ന സെയ്‌നബ് ബഹാരി പറഞ്ഞു.


ഇറാൻ ദേശീയ ടീം മികച്ച വിജയം നേടി രാജ്യത്തിന് അഭിമാനമാകുമെന്നും അത് ഇവിടുത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നുമാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home