ad
Deshabhimani

സ്വിറ്റ്സർലൻഡിൽ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ ഇന്ന്; ഹോർമുസ് കടലിടുക്കിലെ തർക്കം തുടരുന്നു

US

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സമാധാന ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിൽ എത്തിയപ്പോൾ |Photo:Screengrab Reuters

വെബ് ഡെസ്ക്

Published on Jun 21, 2026, 10:31 AM | 1 min read

വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി ഉന്നതതല സംഘം സ്വിറ്റ്സർലൻഡിൽ എത്തി. നാല് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിടാൻ പാകിസ്ഥാൻ മധ്യസ്ഥതയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച 14പോയിന്റ് ഇടക്കാല കരാറിന്റെ ഭാഗമായാണ് ചർച്ചകൾ. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ മുഖ്യ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. യുഎസ് സംഘത്തിൽ സ്റ്റീവ് വിറ്റ്കോഫും ജെറഡ് കുഷ്നറും ഉൾപ്പെടുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സുരക്ഷാ ഉദ്യോഗസ്ഥർ, സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്.


ഇരുരാജ്യങ്ങളും 60 ദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തിയെങ്കിലും, ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. എന്നാൽ, 17 ദശലക്ഷം ബാരൽ എണ്ണയുമായി 55 വാണിജ്യ കപ്പലുകൾ കടലിടുക്ക് കടന്നെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സമാധാന കരാർ നടപ്പിലാക്കിയില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് യുഎസ് ടോൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.


ലെബനനിലെ വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നില്ലെന്നും ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നുവെന്നും ആരോപിച്ച് ഇറാൻ ഈ വിഷയത്തിൽ അതൃപ്തി അറിയിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായും, മാർച്ച് 2 മുതൽ 4,057 പേർ കൊല്ലപ്പെട്ടതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ഭാഗത്ത് 32 സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. ലെബനിലെ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കാത്ത പക്ഷം ഊർജ്ജ പ്രവാഹം തടസ്സപ്പെടും എന്നാണ് ഇറാൻ നിലപാട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേന മേധാവി ഫീൽഡ് മാർഷൽ സെയ്ദ് ആസിം മുനീറും ചർച്ചകളിൽ പങ്കെടുക്കും. ഇസ്രയേൽ ഈ കരാറിൽ കക്ഷിയല്ലെന്നും എന്നാൽ വെടിനിർത്തലിനോട് യോജിക്കുന്നുവെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home