ad
Deshabhimani

6, 6, 6, 6, 6… 11 പന്തിൽ 50! മധുര പ്രതികാരമോ? പുതിയ ലോകറെക്കോർഡും നേടി 'വണ്ടർ കിഡ്'

Vaibhav Sooryavanshi against Srilanka A

ശ്രീലങ്കൻ എ ടീമിനെതിരെ വൈഭവ് സൂര്യവംശിയുടെ പ്രകടനം

വെബ് ഡെസ്ക്

Published on Jun 21, 2026, 11:59 AM | 2 min read

ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ശ്രീലങ്കൻ എ ടീമിനെതിരെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യയുടെ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശി. ഇന്ത്യ എ-യ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത സൂര്യവംശി, വെറും 11 പന്തിൽ അർധസെഞ്ച്വറി തികച്ചു. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണിത്. 2005-06 സീസണിൽ 12 പന്തിൽ 50 റൺസ് തികച്ച നേടിയ ശ്രീലങ്കയുടെ കൗശല്യ വീരരത്നെയുടെ റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ തകർത്തത്.


ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചപ്പോൾ, ഇന്നിങ്സിലെ ആദ്യ 4 ഓവറുകൾക്കുള്ളിൽ തന്നെ 5 കൂറ്റൻ സിക്സറുകളും 5 ഫോറുകളും പറത്തിയാണ് സൂര്യവംശി 11 പന്തിൽ അർധസെഞ്ച്വറിയിലേക്ക് കുതിച്ചത്. മറുഭാഗത്ത് ഓപ്പണിങ് പങ്കാളിയായ പ്രിയാൻഷ് ആര്യ 12 പന്തിൽ 20 റൺസുമായി നിൽക്കുകയായിരുന്നു. ദുലാജ് സമുദിത എറിഞ്ഞ നാലാം ഓവറിൽ 25 റൺസാണ് പിറന്നത്. പിടിച്ചുകെട്ടാനാകാതെ സെഞ്ചുറിനേട്ടതിലേക്ക് കുതിച്ച സൂര്യവംശി, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി റെക്കോർഡിനൊപ്പമെത്താൻ ശ്രമിച്ചെങ്കിലും, ലങ്കൻ ക്യാപ്റ്റൻ സഹൻ അരച്ചിഗെയുടെ പന്തിൽ വിജയ്കാന്ത് വ്യാസ്കാന്തിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. വെറും 29 പന്തിൽ 94 റൺസ് എടുത്താണ് താരം മടങ്ങിയത്.





ലിസ്റ്റ് എ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി മുൻ ഡൽഹി ക്യാപിറ്റൽസ്, ഓസ്‌ട്രേലിയൻ ഓപ്പണറായ ജേക്ക് ഫ്രേസർ-മക്ഗുർക്കിന്റെ പേരിലാണ്. 2023-24 സീസണിൽ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്ക് വേണ്ടിയായിരുന്നു അദ്ദേഹം 29 പന്തിൽ സെഞ്ച്വറി നേടിയത്.


ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾക്കെതിരെ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും വൈഭവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ ആഴ്ച അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുകയാണ്. ഇതിനൊപ്പം ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗതയേറിയ ലിസ്റ്റ് എ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡും താരം സ്വന്തമാക്കി.


വൈഭവിന്റെ തകർപ്പൻ ഇന്നിംഗ്സിൽ വെറും 7 ഓവറിൽ ഇന്ത്യ 100 റൺസ് മറികടന്നു.


കഴിഞ്ഞ ഐപിഎൽ സീസണിൽ 776 റൺസ് നേടി ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി വൈഭവ് സൂര്യവംശി മാറിയിരുന്നു. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ക്രിസ് ഗെയിലിന്റെ ഐപിഎൽ റെക്കോർഡും (72 സിക്സറുകൾ നേടി) താരം തകർത്തു.


മധുരപ്രതികാരമോ?


കഴിഞ്ഞ മത്സരത്തിൽ ഇരുടീമുകളും നിശ്ചിത 50 ഓവറില്‍ 265 റണ്‍സ് വീതമെടുത്ത് ടൈ ആയ മത്സരത്തില്‍, സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടതും അതിനുശേഷമുണ്ടായ കയ്യാങ്കളിയും വലിയ ചര്‍ച്ചയായിരുന്നു. ശ്രീലങ്ക എ ടീം സൂപ്പർ ഓവറിലാണ്‌ ജയിച്ചത്‌. ലങ്ക സൂപ്പർ ഓവറിൽ 16 റണ്ണെടുത്തു. മറുപടി ബാറ്റിങിൽ ക്രീസിലെത്തിയ വൈഭവ് ഒരു ബൗണ്ടറിയും രണ്ട് റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇന്ത്യ ഒമ്പത്‌ റണ്ണിൽ അവസാനിച്ചു.


എന്നാല്‍ മത്സരം കഴിഞ്ഞതിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വിജയാഘോഷത്തിനിടെ ലങ്കന്‍ താരം വിഷന്‍ ഹലംബാഗെ വൈഭവിന് സമീപമെത്തി ആവേശപ്രകടനം നടത്തിയതോടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ വൈഭവ് ശ്രീലങ്കന്‍ താരത്തെ തള്ളിയപ്പോള്‍, ഹലംബാഗെയും തിരിച്ചുതള്ളി. മറ്റ് താരങ്ങള്‍ ഇടപെട്ടതോടെയാണ് സംഭവം കൂടുതല്‍ വഷളാകാതെ അവസാനിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home