ഫുട്ബോൾ ലോകകപ്പ്
ആദ്യ ജയം ലക്ഷ്യമിട്ട് സ്പെയിൻ; കളിക്കളത്തിൽ എതിരാളി സൗദി അറേബ്യ

Photo:Getty Images
ന്യൂയോർക്ക് : ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് സ്പാനിഷ് പടയുടെ എതിരാളികൾ. ഉറുഗ്വായ്, ബെൽജിയം ടീമുകളും ആദ്യ ജയം തേടി ഇന്നിറങ്ങും.
ലോകകപ്പ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നാണ് സ്പെയിൻ. എന്നാൽ ആദ്യ മത്സരത്തിൽ കേപ് വെർദെയുടെ പ്രതിരോധത്തിന് മുന്നിൽ സ്പാനിഷ് പട തളർന്നിരുന്നു. പന്ത് കൈവശം വെച്ച് ആധിപത്യം ഉറപ്പിച്ചിട്ടും ഗോളടിക്കാനാകാത്തത് ടീമിന് തിരിച്ചടിയായി. സൗദിക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ കരുത്ത് തെളിയിക്കേണ്ട സമ്മർദ്ദം സ്പെയിനുണ്ട്. കൗമാര താരം ലമീൻ യമാൽ ഇന്ന് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ശക്തരായ ഉറുഗ്വായെ സമനിലയിൽ പിടിച്ചുകെട്ടിയ സൗദി അറേബ്യയെ അത്ര എളുപ്പത്തിൽ സ്പെയിനിന് മറികടക്കാനാവില്ല.
ഗ്രൂപ്പ് എച്ചിലെ മറ്റ് ടീമുകളെല്ലാം ഓരോ പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ ഉറുഗ്വായ് കേപ് വെർദെയെ നേരിടും. സ്പെയിനിനെ സമനിലയിൽ കുരുക്കിയ കേപ് വെർദെ ഉറുഗ്വായ്ക്കും കടുത്ത വെല്ലുവിളിയാകും. നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്.
പുലർച്ചെ 1.30ന് നടക്കുന്ന മത്സരത്തിൽ ഇറാനെതിരെ ബെൽജിയം ഇറങ്ങുന്നു. ഈജിപ്‌തിനെതിരായ മത്സരത്തിൽ നിറംമങ്ങിയ പ്രകടനമാണ് ബെൽജിയം കാഴ്ചവെച്ചത്. സെൽഫ് ഗോളിലൂടെയാണ് അവർ സമനില സ്വന്തമാക്കിയത്. മറുവശത്ത്, ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇറാൻ. ഇരുടീമുകൾക്കും വിജയം അനിവാര്യമായതിനാൽ ശക്തമായ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.










0 comments