പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച് പാകിസ്ഥാൻ; നടപടി അന്താരാഷ്ട്ര വിപണയിൽ എണ്ണവില കുറഞ്ഞതോടെ

ഷെഹ്ബാസ് ഷെരീഫ് | Photo Credit: X/PakPMO
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ തുടർന്ന് ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി അയഞ്ഞതോടെ, ഇന്ധനവില കുറച്ച് പാകിസ്ഥാൻ. പെട്രോളിന് ലിറ്ററിന് 74 രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പൂർണമായ നേട്ടം ജനങ്ങൾക്ക് കൈമാറുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഇതോടെ പെട്രോൾ വില ലിറ്ററിന് 373 രൂപയിൽ നിന്ന് 299 രൂപയായും ഡീസൽ വില ലിറ്ററിന് 378 രൂപയിൽ നിന്ന് 311 രൂപയായും കുറയും. പുതുക്കിയ വില സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പ്രാദേശിക സാമ്പത്തിക രംഗത്തുണ്ടായ പുരോഗതിയുടെയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതിന്റെയും നേട്ടമാണ് സർക്കാർ ജനങ്ങൾക്ക് കൈമാറുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
"രാജ്യത്തിന് നൽകിയ ഉറപ്പാണ് ഞങ്ങൾ ഇപ്പോൾ പാലിക്കുന്നത്. ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ പൂർണമായും മനസ്സിലാക്കുന്നു. ഈ സാഹചര്യങ്ങളിൽ നിങ്ങൾ അസാധാരണമായ ക്ഷമയും പ്രതിരോധശേഷിയുമാണ് പ്രകടിപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സർക്കാരിനൊപ്പം നിലകൊണ്ടതിന് നന്ദി"- ഷെഹ്ബാസ് ഷെരീഫ് പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ മൂന്നിനാണ് ഇന്ധനവില പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് പെട്രോളിന് 137.24 രൂപയും ഡീസലിന് 184.49 രൂപയും സർക്കാർ വർദ്ധിപ്പിച്ചതോടെ വില യഥാക്രമം 458.4 രൂപയും 520.35 രൂപയുമായി ഉയർന്നു. ഇതിൽ വ്യാപകമായ ജനരോഷം ഉയർന്നതോടെ പെട്രോൾ വില 378 രൂപയായി താഴ്ത്തിയിരുന്നു.










0 comments