നീറ്റ് യുജി പുനഃപരീക്ഷ ആരംഭിച്ചു; വീഴ്ചകൾ മറയ്ക്കാൻ കർശന പരിശോധന

നീറ്റ് പരീക്ഷ കേന്ദ്രമായ കോഴിക്കോട് നടക്കാവ് ഗവ വൊക്കേഷണൽ ഗേൾസ് എച്ച്എസ്എസിൽ നിന്ന് // ഫോട്ടോ: മിഥുന്‍ അനില മിത്രന്‍.
ന്യൂഡൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് യുജി പുനഃപരീക്ഷ ആരംഭിച്ചു. മുൻപ് നടന്ന പരീക്ഷയിലെ ക്രമക്കേടുകളുകളുടെയും ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ കടുത്ത നിരീക്ഷണത്തിലാണ് എൻടിഎ പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്.
പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, സിഗ്നൽ ജാമറുകൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടയാനുള്ള സംവിധാനങ്ങൾ, കർശനമായ ശരീരപരിശോധന എന്നിവ എല്ലാ കേന്ദ്രങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സുരക്ഷിതമായി എത്തിക്കാൻ പ്രത്യേക പോലീസ് കാവലുമുണ്ട്. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ സൈബർ നിരീക്ഷണ വിഭാഗവും സജീവമാണ്.
കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേട് മൂലം ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കിയത് മുതൽ വിദ്യാർഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലായിരുന്നു. എന്നാൽ പുനഃപരീക്ഷാ നടത്തിപ്പിലും ഈ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോ എൻടിഎയ്ക്കോ കഴിഞ്ഞിട്ടില്ല. പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിൽപ്പോലും അവസാന നിമിഷം വരെ വിദ്യാർഥികൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഹാൾടിക്കറ്റ് ലഭിച്ചവർക്കാകട്ടെ പരീക്ഷാ കേന്ദ്രങ്ങൾ വ്യാപകമായി മാറി ലഭിക്കുകയും ചെയ്തു.
നാഗ്‌പൂർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷാകേന്ദ്രമായി അനുവദിച്ചത് വിദേശത്തുള്ള അബുദാബിയായിരുന്നു. ആദ്യ ഓപ്ഷനായി നാഗ്‌പൂർ തന്നെ നൽകിയിട്ടും അബുദാബി സെന്റർ ലഭിച്ചത് വലിയ വിവാദമായി മാറുകയും, പ്രതിഷേധം ശക്തമായതോടെ വിദ്യാർഥിക്ക് നാഗ്‌പൂരിൽത്തന്നെ കേന്ദ്രം നൽകാൻ എൻടിഎ തയ്യാറാവുകയുമായിരുന്നു. സമാനമായ രീതിയിൽ ഒഡീഷയിലെ ഭുവനേശ്വറിൽ ആദ്യ പരീക്ഷയെഴുതിയ വിദ്യാർഥിക്ക് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഇത്തവണ പരീക്ഷാ കേന്ദ്രം അനുവദിച്ചതെന്ന പരാതിയും ഉയർന്നിരുന്നു.
അതേസമയം, പരീക്ഷാ അട്ടിമറിയുടെയും വിദ്യാർഥി ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ രണ്ടാം ഘട്ട പ്രതിഷേധം ആരംഭിച്ചു. ധർമേന്ദ്ര പ്രധാൻ രാജി വെക്കും വരെ ജന്തർ മന്തറിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ഭാവി വെച്ചുള്ള കേന്ദ്ര സർക്കാരിന്റെ പരീക്ഷണങ്ങൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത ജനരോഷമാണ് ഉയരുന്നത്.









0 comments