"ആരുടെയും വാക്കുകേട്ട് മോഡിഫൈ ചെയ്യല്ലേ"; കോൺഗ്രസ് സൈബർ പോരാളിക്ക് കിട്ടിയത് എട്ടിന്റെ പണി

ഷമീർ ഖാലിദിന്റെ വീഡിയോയിൽനിന്ന്
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെ വിശ്വസിച്ച് വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയ ടാക്സി ഡ്രൈവർക്ക് വൻതുക പിഴ ചുമത്തി. കോൺഗ്രസിന്റെ സൈബർ പോരാളി കൂടിയായ തൃശൂർ സ്വദേശി ഷമീർ ഖാലിദിനാണ് കാറിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് 5000 രൂപ പിഴ കിട്ടിയത്. കുറച്ചൊക്കെ മോഡിഫിക്കേഷനൊക്കെ ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടാണ് ബമ്പർ ഗാർഡ് വെച്ചതെന്ന് ഷമീർ പറയുന്നു. തനിക്ക് ലഭിച്ച ചെലാന്റെ കോപ്പി ഉൾപ്പെടെ കാണിച്ച്, ഷമീർ തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
"മോഡിഫിക്കേഷനൊക്കെ ആകാം എന്ന് പറഞ്ഞതുകൊണ്ട് വെച്ചതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഫൈൻ കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ പ്രത്യേക ഒളിക്യാമറസംഘം ഫോട്ടോ എടുത്തിട്ടാണോ എന്നറിയില്ല, 5000 രൂപയാണ് ഒരു ബമ്പർ ഘടിപ്പിച്ചതിന് ഫൈൻ കിട്ടിയത്. ഫൈൻ അടിച്ചുകൊടുക്കുന്നതിന് ഒരു മര്യാദയില്ലേ? ദയവ് ചെയ്ത് ഫൈൻ തുക ഒന്ന് കുറച്ചുതരണം. എംവിഡിയുടെ കാക്കനാട് ഓഫീസിൽ പോയി സംസാരിച്ചപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ്. ആരുടെയും വാക്കുകേട്ട് വാഹനത്തിൽ കൂടുതൽ പണികളൊന്നും ചെയ്യരുത്. ഇതൊക്കെ പിരിച്ചെടുത്തിട്ട് വേണം കെഎസ്ആർടിസിയിൽ സൗജന്യയാത്ര കൊടുക്കാൻ. ഇപ്പോഴുള്ളപോലെ തന്നെ വാഹനം കൊണ്ടു നടക്കുന്നതാകും ഏറ്റവും നല്ലത്." - ഷമീർ വീഡിയോയിൽ പറയുന്നു.
വീഡിയോ ഇതിനകം വൈറലായി. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനുവേണ്ടി സോഷ്യൽമീഡിയയിൽ പ്രചാരണം നടത്തിയ ആളാണ് ഷമീർ. ഘടിപ്പിച്ച ബമ്പർ ഇളക്കിയെടുത്ത് ഷമീർ തന്നെ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് വി ഡി സതീശൻെ തന്നെയാണ് വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. പിആർ ടീമിനെ ഉപയോഗിച്ച് ഈ പ്രഖ്യാപനത്തിന് വലിയ പ്രചാരണവും നൽകി. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം താഗത കമീഷണർ പുറത്തിറക്കിയ ശുപാർശയിൽ നിലവിൽ നിയമപരമായ തടസമില്ലാത്ത മോഡിഫിക്കേഷൻ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സീറ്റ് കവർ, എയർ മാറ്റ്, സ്റ്റിയറിങ്ങിൽ വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസർ, മഡ് ഫ്ലാപ്പ്, ബോഡി സ്റ്റിക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അഡിഷണൽ സ്പീക്കർ, സബൂഫർ മോണിറ്ററിന്റെ സിസ്റ്റം, ടോ ഹുക്ക്, റൂഫ് കാരിയർ, 50 ശതമാനം സുതാര്യമായ സൺ ഫിലിം എന്നിങ്ങനെ നിലവിലുള്ള നിയമപ്രകാരം മുൻകൂർ അനുമതി ആവശ്യമില്ലാത്തവയാണ് ശുപാർശയിലുള്ളത്.
ഇൗ 18 രൂപമാറ്റങ്ങളിൽ ചിലതിന് ചട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശം ഇല്ല. എന്നാൽ ഇതിനെ മറികടക്കുന്ന തരത്തിലുള്ള ശുപാർശകളൊന്നും ഗതാഗത കമീഷണറുടെ റിപ്പോർട്ടിലില്ല. വാഹനത്തിന്റെ നിറം മാറ്റൽ, എൻജിൻ മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ എന്നിവയാകട്ടെ 1988ലെ മോട്ടോർ വാഹന നിയമപ്രകാരം കൃത്യമായ ഫീസടച്ച് ആർടി ഓഫീസുകൾ വഴി പണ്ടുമുതലേ ചെയ്തുവരുന്ന കാര്യങ്ങളുമാണ്.
കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ടിന്റെ പരിധിയിൽവരുന്ന വാഹനങ്ങളുടെ വലുപ്പത്തിലോ പ്രധാന ഭാഗങ്ങളിലോ ഭേദഗതിവരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ഇത് മറച്ചാണ് തെരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശൻ വാഹനപ്രേമികളെ തെറ്റിദ്ധരിപ്പിച്ചത്. നിർമാണ കമ്പനികൾ നിശ്ചയിക്കുന്ന സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് പൊതുസുരക്ഷയെ ബാധിക്കുമെന്നതിനാൽ രൂപമാറ്റങ്ങൾ പൂർണമായും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയതുമാണ്. കാതടപ്പിക്കുന്ന ഹോണുകൾക്കും തീവ്ര ലൈറ്റുകൾക്കുമെതിരെയുള്ള കോടതിവിധികൾ നിലനിൽക്കെയാണ് അപ്രായോഗിക വാഗ്ദാനങ്ങൾ നൽകിയത്.










0 comments