വിഷ്‌ണുവർധൻ റെഡ്ഡി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ

ഡോ. വിഷണുവർധൻ റെഡ്ഡി
ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലായി ഇന്ത്യൻ വിദേശ സർവീസ് ഉദ്യോഗസ്ഥനായ ഡോ. വിഷണുവർധൻ റെഡ്ഡിയെ നിയമിച്ചു. യുഎഇ വിദേശ മന്ത്രാലയത്തിന് ഔദ്യോഗിക രേഖകൾ സമർപ്പിക്കുന്നതോടെ ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കിയ സതീഷ് കുമാർ ശിവൻ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ നിയമനം.
2008 ബാച്ച് ഇന്ത്യൻ വിദേശ സർവീസ് ഉദ്യോഗസ്ഥനായ വിഷ-്‌ണുവർധൻ തെലങ്കാന വാറങ്കൽ സ്വദേശിയാണ്. ഡൽഹി എയിംസിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് വിദേശ സർവീസിൽ ചേർന്നത്. യൂറോപ്, ലാറ്റിനമേരിക്ക, യുഎൻ എന്നിവിടങ്ങളിലെ വിവിധ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിൽ സേവനമനുഷഠിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിൽ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് എക-്‌സ്‌റ്റേണൽ എൻഗേജ്മെന്റ് സ്‌പെഷ്യൽ സെക്രട്ടറിയായും ഹൈദരാബാദ് റീജണൽ പാസ്‌പോർട്ട് ഓഫീസറായും പ്രവർത്തിച്ചിരുന്നു.
കാലാവധി പൂർത്തിയാക്കി മടങ്ങിയ സതീഷ് കുമാർ ശിവന് റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി യാത്രയയപ്പ് നൽകി. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വിവിധ സംഘടനകളും യാത്രയയപ്പ് നൽകിയിരുന്നു.









0 comments