ad
Deshabhimani

കനത്ത മഴ: നാളെ വിവിധ താലൂക്കുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും അവധി

Rain Surendran madikkai
വെബ് ഡെസ്ക്

Published on Aug 05, 2026, 10:14 PM | 2 min read

തിരുവനന്തപുരം: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഓഗസ്റ്റ് 6, വ്യാഴം) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.


കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജില്ലയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് തുടരുന്ന അപ്പർ കുട്ടനാട് മേഖലയിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.


ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാഹചര്യം വിലയിരുത്തി അവധി നൽകുന്നതിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ കളക്ടർ ചുമതലപ്പെടുത്തി.


വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.


കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെ അവധി പ്രഖ്യാപിച്ചു.


വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ബുധനാഴ്ച രാവിലെ ശക്തമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗത്തിലുള്ള കാറ്റും അനുഭവപ്പെട്ടു. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരുവല്ലയിലും അപ്പർ കുട്ടനാട്ടിലും വെള്ളക്കെട്ട് തുടർന്നു.


അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴാത്തതിനാൽ വെള്ളം കയറിയ പല വീടുകളുടെയും മുകളിലത്തെ നിലകളിൽ ആളുകൾ തുടരുകയാണ്. തിരുവല്ലയിൽ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തോളം പേരുണ്ട്. തിരുവല്ല–മാവേലിക്കര, ആലപ്പുഴ–ചങ്ങനാശേരി റോഡുകളിലും എംസി റോഡിന്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുന്നു.


പുളിങ്കുന്നിൽനിന്ന് നൂറോളം വെള്ളപ്പൊക്കബാധിതരുമായി നെടുമുടിയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നിയന്ത്രണംവിട്ട് പാലത്തിന്റെ തൂണിൽ ഇടിച്ചു. പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യം ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങിയതാണ് അപകടകാരണം. ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് ആളപായമുണ്ടായില്ല. ജലഗതാഗത വകുപ്പിന്റെ മറ്റു ബോട്ടുകളെത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി നെടുമുടിയിലെത്തിച്ചു.


ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല നദികളിൽ കേന്ദ്ര ജലകമീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തെ മീനച്ചിൽ, തൃശൂരിലെ കരുവന്നൂർ നദികളിൽ യെല്ലോ അലർട്ടാണ്. നദികളിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും തീരവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങി. നാലുദിവസമായി വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അതേസമയം വയനാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home