ad
Deshabhimani

ഇന്ത്യയിൽ എഐ ഡീപ്‌ ഫെയ്ക്കുകൾ വർധിക്കുന്നു; നിയമനടപടി വേണമെന്ന് 70% ആളുകൾ, പഠന റിപ്പോർട്ട്

artificial intelligence deep fake
വെബ് ഡെസ്ക്

Published on Aug 05, 2026, 10:57 PM | 2 min read

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്‌ ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും ഇന്ത്യക്കാരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പ്രാദേശികമായി 35,000-ത്തിലധികം കേന്ദ്രങ്ങളിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.


സർവേയിൽ പങ്കെടുത്ത രണ്ടിൽ ഒരാൾ വീതം കഴിഞ്ഞ ഒരു വർഷത്തിനിടെ സോഷ്യൽ മീഡിയ, വാട്ട്‌സ്ആപ്പ്, ഒടിടി എന്നിവയിലൂടെ കണ്ട വീഡിയോകളിൽ 10 ശതമാനത്തിലധികവും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. 70% ആളുകളും ഡീപ്‌ ഫെയ്ക്ക് നിർമാണം ജാമ്യമില്ലാ കുറ്റകൃത്യമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.


തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും, പ്രശസ്തി നശിപ്പിക്കാനും, സാമ്പത്തിക തട്ടിപ്പുകൾക്കും ഡീപ്‌ ഫെയ്ക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ 2023-ൽ 5 ലക്ഷമായിരുന്ന ഡീപ്‌ ഫെയ്ക്ക് ഫയലുകൾ 2025 ആയപ്പോഴേക്കും 80 ലക്ഷത്തോളമായി വർധിച്ചു. പഠനമനുസരിച്ച്, 90% ഇന്ത്യക്കാരും സെലിബ്രിറ്റികളുടെ വ്യാജ എഐ പരസ്യങ്ങൾ കണ്ടിട്ടുണ്ട്. ഇതിലൂടെ തട്ടിപ്പിനിരയായവർക്ക് ശരാശരി 34,500 രൂപ വീതം നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


തെയ്ലീസ് റിപ്പോർട്ട് അനുസരിച്ച് 65% സ്ഥാപനങ്ങളും ഡീപ്‌ ഫെയ്ക്ക് ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാകഫി പഠനമനുസരിച്ച് 55% സ്ഥാപനങ്ങൾക്ക് എഐ നിർമ്മിത വ്യാജപ്രചാരണങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. ഡീപ്ഫേക്കുകൾക്കെതിരെ കേന്ദ്രം പ്രത്യേക നിയമം കൊണ്ടുവരാൻ പദ്ധതിയിടുന്നതിനിടെയാണ് സർവേ പുറത്തുവരുന്നത്.


ഡീപ്‌ഫെയ്ക്കുകളും 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകളും കർശനമായ ശിക്ഷ ഉറപ്പാക്കുന്ന പ്രത്യേക കുറ്റകൃത്യങ്ങളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സൊളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. നിലവിലുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളെ പ്രത്യേകമായി കൈകാര്യം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.


2026 ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വന്ന ഐ ടി നിയമങ്ങൾ അനുസരിച്ച് എഐ നിർമിത ഉള്ളടക്കങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും ലേബൽ നൽകേണ്ടതുണ്ട്. നിലവിലെ നിയമങ്ങളിൽ ഡിജിറ്റൽ അറസ്റ്റ്, ഡീപ്‌ ഫെയ്ക്ക് തട്ടിപ്പുകൾക്കെതിരെ കൃത്യമായ വകുപ്പുകളില്ലെന്ന്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് പുതിയ കുറ്റകൃത്യങ്ങൾ നിർവചിക്കാൻ കഴിയില്ലെന്നും, ഇതിനായി കേന്ദ്ര സർക്കാർ തന്നെ കടുത്ത ശിക്ഷാനിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home