ഇൻഡോർ മാതൃക വിഴുങ്ങി
ഇനി അമേരിക്കൻ മാതൃക...!

തിരുവനന്തപുരം
കോർപറേഷനിൽ ഭരണത്തിലെത്തിയാൽ മധ്യപ്രദേശിലെ ഇൻഡോർ മാതൃക നഗരമാക്കി തലസ്ഥാനത്തെ മാറ്റുമെന്ന പ്രഖ്യാപനം ബിജെപി വിഴുങ്ങി. തൊട്ടതെല്ലാം പരാജയത്തിലെത്തുകയും ഭരണം തുലാസിലാകുകയും ചെയ്‌തതോടെ ജനങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ പുതുവഴികൾ തേടുകയാണ് മേയർ വി വി രാജേഷും സംഘവും. സ്വകാര്യ സന്ദർശനത്തിനായി അമേരിക്കയിൽ വിനോദയാത്ര മേയർ അവിടത്തെ ഒരു സിറ്റിയിലെ മേയറെ സന്ദർശിച്ചതിനെക്കുറിച്ചാണ് സംഘപരിവാറുകാർ വാചാലരാകുന്നത്. അമേരിക്കയ്ക്കുമുന്നിൽ തിരുവനന്തപുരം മാതൃക അവതരിപ്പിക്കാൻപോയതാണെന്നും തിരുവനന്തപുരത്തെ അമേരിക്കൻ മോഡലാക്കി മാറ്റാനുള്ള പരിശ്രമമാണെന്നും ആർഎസ്‌എസ്, ബിജെപി അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. മലയാളികൾ ഏറെയുള്ള മിസോറി സിറ്റിയിലെ മേയറെ സന്ദർശിച്ചതിനെയാണ് ‘അമേരിക്കൻ മോഡൽ’ എന്ന് ആഘോഷിക്കുന്നത്. കോട്ടയം സ്വദേശിയായ റോബിൻ ഇല്ലിക്കാട്ടാണ് മൂന്നുതവണയായി ഇവിടുത്തെ മേയർ. മലയാളി അസോസിയേഷനുകളുടെ അടുപ്പക്കാരനായ ഇദ്ദേഹം കേരളത്തിൽനിന്നെത്തുന്ന എല്ലാ ജനപ്രതിനിധികളെയും സ്വീകരിക്കാറുണ്ടത്രേ. മലയാളി അസോസിയേഷനുകളുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മേയർ വി വി രാജേഷ് പോയത്. കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഓഫീസിലെ ജീവനക്കാരും മേയറോടൊപ്പം അമേരിക്കൻ ടൂറിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിലെ മികച്ച മാതൃകകൾ പരസ്പരം പങ്കുവയ്ക്കുന്നതിനുമാണ് ശ്രമിച്ചതെന്ന് മേയർ വി വി രാജേഷ് പറയുന്നു.








0 comments