അത് ലോണല്ല കെണിയാണ് തലവയ്ക്കല്ലേ

മലപ്പുറം
നാല് ഒടിപി കൊടുത്താൽ പറയുന്ന കാശ് കിട്ടുമെങ്കിൽ പിന്നെ ബാങ്കിലൊക്കെ പോയി സമയം കളയുന്നതെന്തിനെന്നാണ് പലരുടെയും ചിന്ത. ബാങ്കിലാണെങ്കിൽ ഒരു ലോണിനൊക്കെ എന്തോരം രേഖകൾ കൊടുക്കണം. ഇതിപ്പോ ഇങ്ങോട്ട് വന്ന് കിടക്കുവാണ് ലോൺ വേണോയെന്ന മെസേജുകൾ. വൻ ചതിക്കുഴികളാണ് ഇതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നത്. വ്യാജ പേയ്മെന്റ് ആപ്പുകൾവഴിയാണ് ഇപ്പോൾ നടക്കുന്ന സൈബർ തട്ടിപ്പുകളിൽ ഭൂരിഭാഗവും. 2025-ല്‍ 28 ലക്ഷത്തോളം ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തട്ടിയതാകട്ടെ മുപ്പതിനായിരത്തോളം കോടി രൂപയും.
ഗൂഗിൾ പേ, ഫോൺ പേ, ഭീം യുപിഐ തുടങ്ങിയ യഥാർഥ പേയ്മെന്റ് ആപുകളോട് സാദൃശ്യമുള്ളവയാണ് തട്ടിപ്പുകാർ നേരത്തെ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുതിയ വ്യാജ പേയ്മെന്റ് ആപ്പുകളും രംഗത്തിറക്കിയിട്ടുണ്ട്. പണം കൈമാറ്റംചെയ്യാതെ, അയച്ചതായി വ്യാജ സന്ദേശങ്ങളും സ്ക്രീൻ ഷോട്ടുകളും കാണിക്കാൻ തയ്യാറാക്കിയവയാണ് വ്യാജ പേയ്മെന്റ് ആപ്പുകൾ. വ്യാജ സന്ദേശവും ശബ്ദവുമാണ് ഇവരുണ്ടാക്കുന്നത്. എപികെ (APK) ഫയലുകൾവഴിയോ അപരിചിതരായ ആളുകൾ അയച്ചുനൽകുന്ന ലിങ്കുകൾവഴിയോ വരുന്ന ആപ്പുകൾ ഇൻസ്റ്റാൾചെയ്യുന്പോഴാണ് തട്ടിപ്പുകാരുടെ വലയിൽപ്പെടുന്നത്.
അഞ്ചുമിനിറ്റിൽ ലോൺ എന്ന പരസ്യത്തിലാണ് പലരും വീഴുന്നത്. പലിശ കുറവ്, രേഖകൾ ആവശ്യമില്ല, സിബിൽ സ്‌കോർ നോക്കേണ്ട തുടങ്ങിയ വാഗ്‌ദാനങ്ങളും പിന്നാലെ വരുന്നു. ലോൺ ആപ് ഇൻസ്റ്റാൾചെയ്യുമ്പോൾ കോൺടാക്ട്, ഗാലറി, ലൊക്കേഷൻ തുടങ്ങിയവയുടെയൊക്കെയും പെർമിഷൻസ് ചോദിക്കുന്നുണ്ടെങ്കിൽ തട്ടിപ്പുകാരാണോയെന്ന് സംശയിക്കണം. ലോൺ നൽകാൻ ഇത്തരം അനുമതികളുടെ ആവശ്യമില്ലെന്നതാണ് വസ്‌തുത. ലോൺ അപ്രൂവലിനായി പണം അടയ്ക്കാൻ സന്ദേശങ്ങൾ വന്നാലും ജാഗ്രത പാലിക്കണം. വ്യക്തിഗത അക്കൗണ്ടിലേക്കാണ് പണം അയക്കാൻ ആവശ്യപ്പെടുന്നതെങ്കിൽ അത്തരം ആപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സൈബർ വിദഗ്‌ധർ പറയുന്നു. ചില തട്ടിപ്പ് ആപ്പുകൾ തിരിച്ചടവ് വൈകിയാൽ നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട്. അപമാനകരമായ സന്ദേശങ്ങൾ അയക്കുകയും കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ വിളിക്കുമെന്നും സ്വകാര്യ ഫോട്ടോകൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്ലേ സ്‌റ്റോർവഴിയോ അംഗീകൃത ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക ലിങ്ക് വഴിയോമാത്രം ആപ്പുകൾ ഇൻസ്റ്റാൾചെയ്യുന്നതാണ് സുരക്ഷിതം.
വ്യാജ ലോൺ ആപ് വഴി സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ ബാങ്കിനെ അറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുകമാത്രമാണ് കൂടുതൽ പണം നഷ്ടമാകാതിരിക്കാനുള്ള പോംവഴി. സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930-ൽ ഉടൻ വിളിക്കുകയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽവഴി പരാതി രജിസ്റ്റർചെയ്യുകയോ വേണം










0 comments