ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ച കാർ
പന്തീരാങ്കാവ് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവർ പന്തീരാങ്കാവ് പുരണ്ടൽ പറമ്പ് ശാഹുൽ മുക്കാലത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് അടുത്തുവച്ച് ബുധൻ രാവിലെയാണ് സംഭവം. രാവിലെ 8.30ഓടെ പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മാരുതി റിറ്റ്സ് കാറിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട ശാഹുൽ ഉടൻ കാർ വശത്തേക്ക് ഒതുക്കിനിർത്തി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നിരക്ഷാ യൂണിറ്റും സ്‌ഥലത്തെത്തി. അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് ചേർന്ന് തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.










0 comments