ad
Deshabhimani

ഇല്ല മരുന്ന്‌, ഡോക്ടർ, ജീവനക്കാർ

health department

തീപിടിത്തത്തെ തുടർന്ന്‌ അടച്ചിട്ടിരിക്കുന്ന ഫോർട്ട്കൊച്ചി ഇഎസ്‌ഐ ഡിസ്‌പെൻസറി

വെബ് ഡെസ്ക്

Published on Aug 06, 2026, 02:44 AM | 2 min read

കൊച്ചി


ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ കടയ്ക്കല്‍ കത്തിവച്ച്‌ പുതിയ സര്‍ക്കാരും നയങ്ങളും. സാധാരണക്കാരന്‌ ആദ്യ അത്താണിയാവേണ്ട സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ നെഞ്ചില്‍ ഇപ്പോള്‍ തീയാണ്. രോഗികള്‍ മാത്രമല്ല ജീവനക്കാരുള്‍പ്പെടെ സര്‍ക്കാർ അനാസ്ഥമൂലം വലയുകയാണ്. പ്രശ്നപരിഹാരത്തിന് വകുപ്പിലെ ഉന്നതരോ മന്ത്രിയോ ഇടപെടുന്നുമില്ല. ജില്ലക്കാരനായ മുഖ്യമന്ത്രി 
ഇതൊന്നും അറിഞ്ഞ മട്ടുമില്ല.

അർബുദബാധിതർക്ക്‌ അവഗണന


എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയവര്‍ക്ക് കുറിച്ചു നല്‍കിയ മരുന്നുകള്‍ ഫാര്‍മസിയിൽ കിട്ടാനില്ല. ദിവസവും 160 മുതല്‍ 200 വരെ രോഗികളാണ് ചികിത്സയ്ക്കെത്തുന്നത്‌. മെഡിസെപ് അടക്കമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് മരുന്ന് പുറത്തുനിന്നു വാങ്ങാം. എന്നാൽ, ഈ തുക റീഇംബേഴ്സ് ചെയ്യാന്‍ മാസങ്ങളെടുക്കും.

കീമോതെറാപ്പി, റേഡിയേഷൻ ചികിത്സയില്‍ ഉപയോഗിക്കുന്ന എമെസെറ്റ് ഗുളിക, ഫിൽഗ്രാസ്റ്റിം ഇന്‍ജക്ഷന്‍, മെഗാസ് 160, റാബെപ്രസോള്‍, ഓറല്‍ കീമോ മരുന്നായ കേപസീറ്റബിന്‍ 500 എംജി, അനുബന്ധമായി കഴിക്കുന്ന ബെനഡോണ്‍ 40 എംജി, നെര്‍വോ ബൂസ്റ്റ് പ്ലസ്, ഡാന്റിന്‍ 40 തുടങ്ങിയ മരുന്നുകള്‍ ഇവിടെ കിട്ടുന്നില്ല. ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്ക്‌ കീഴില്‍വരാത്ത രോഗികള്‍ ഈ മരുന്നുകള്‍ പുറമേനിന്ന്‌ വന്‍തുക മുടക്കി വാങ്ങേണ്ടി വരുന്നു.

തീയിൽ വെന്ത്‌ ഇഎസ്‌ഐ



ഫോര്‍ട്ട്‌ കൊച്ചി ഇഎസ്ഐ ആശുപത്രിയിലെ മരുന്ന് സ്റ്റോറിൽ ജൂണ്‍ ആറിനുണ്ടായ തീപിടിത്തം അവതാളത്തിലാക്കിയത് ആയിരക്കണക്കിന് രോഗികളുടെ ആരോഗ്യസുരക്ഷയാണ്. ഏകദേശം അഞ്ചരക്കോടി രൂപയുടെ മരുന്നാണ് നശിച്ചത്. തൃശൂര്‍, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മരുന്ന് വിതരണം നടന്നിരുന്നത് ഇവിടെ നിന്നാണ്. മരുന്നുകള്‍ പുനര്‍സംഭരിക്കാനാകാതെ നാല് ജില്ലകളിലും മരുന്നുക്ഷാമം രൂക്ഷമായി. നിലവില്‍ മരുന്നുകള്‍ പുറമേനിന്ന്‌ വാങ്ങണം, മാസങ്ങളെടുത്താണ് തുക തിരികെ ലഭിക്കുന്നത്. ഫോര്‍ട്ട്‌ കൊച്ചി ആശുപത്രി ഇപ്പോള്‍ താല്‍ക്കാലികമായി തോപ്പുപടിയിലേക്ക് മാറ്റിയെങ്കിലും കത്തിപ്പോയ മരുന്ന് സംഭരിക്കാനോ പുതിയ കെട്ടിടം കണ്ടെത്താനോ സര്‍ക്കാരിനായിട്ടില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റോറില്‍നിന്ന്‌ മരുന്നെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ താൽപ്പര്യക്കുറവുമൂലം നടന്നില്ല. ജീവിതശൈലീ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കേണ്ടവര്‍ ഉള്‍പ്പെടെ ഇതുമൂലം വലഞ്ഞു.


അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ കെട്ടിടം തയ്യാറാകുമെന്നാണ് വിവരം. ഡോക്ടര്‍ നിയമനത്തിലും അപാകമുണ്ട്. തൊഴില്‍വകുപ്പിന്റെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍നിന്നാണ് ഡോക്ടര്‍ നിയമനം നടത്തേണ്ടത്. ജില്ല, റീജണൽ, സ്റ്റേറ്റ് ചുമതലയുള്ള ആശുപത്രി സൂപ്രണ്ട്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പ് ഡയറക്ടർ നിയമനങ്ങൾ സംസ്ഥാന സർക്കാർ നേരിട്ടാണ് നടത്തേണ്ടത്. ഇതിൽ നടപടികൾ വൈകുകയാണ്.

ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാർ വേണം


സീനിയര്‍ നഴ്സിങ് ഓഫീസര്‍മാരുടെ (സൂപ്പർവൈസറി നഴ്സ്) കുറവുമൂലം വലയുകയാണ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ്. രോഗീസുരക്ഷ, ഗുണനിലവാരമുള്ള നഴ്സിങ്, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കാര്യക്ഷമമായ വിനിയോഗം, ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം, മാനവവിഭവശേഷി വിന്യാസം എന്നിവയെ സീനിയര്‍ നഴ്സിങ് ഓഫീസര്‍മാരുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നു. അത്യാഹിതവിഭാഗം, ഐസിയു, ഓപ്പറേഷൻ തിയറ്റര്‍, സ്പെഷ്യാലിറ്റി വാർഡുകൾ ഉൾപ്പെടെ 28 വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രിയിൽ, നഴ്സിങ് സേവനങ്ങളുടെ മേൽനോട്ടത്തിന് 13 സീനിയർ നഴ്സിങ് ഓഫീസർമാർ മാത്രമാണുള്ളത്. 35 പേരെങ്കിലും ഈ തസ്തികയിൽ വേണം. എറണാകുളം ജനറല്‍ ആശുപത്രിയില്‍പോലും നിലവില്‍ 54 പേരാണ് സീനിയർ നഴ്സിങ് ഓഫീസർമാരായുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം കൂടി തുടങ്ങാനാണ് പുതിയ ആലോചന. കൂടുതല്‍ തസ്തിക സൃഷ്ടിക്കാതിരുന്നാൽ ജീവനക്കാര്‍ക്കൊപ്പം രോഗികളും ബുദ്ധിമുട്ടും. ദിവസവും രണ്ടായിരത്തിലധികം ഒപി രോഗികളും എഴുന്നൂറോളം അത്യാഹിതവിഭാഗം രോഗികളും ഇവിടെ ചികിത്സ തേടുന്നു. അറുനൂറിലധികം കിടത്തിച്ചികിത്സാരോഗികളുമുണ്ട്‌.

​പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും മരുന്നുകളുടെ കുറവുണ്ട്. പഞ്ചായത്തുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി പണം ലഭ്യമാക്കാത്തതും പ്രതിസന്ധിയായി.


പകർച്ചവ്യാധി കൂടുന്നു

മരിച്ചത്‌ 42 പേർ



ജൂൺ ഒന്നുമുതല്‍ ആഗസ്‌ത്‌ ഒന്നുവരെ മഴക്കാലത്ത് പകര്‍ച്ചവ്യാധിമൂലം ജില്ലയില്‍ മരിച്ചത് 42 പേരാണ്. അതില്‍ 15 പേരുടെയും മരണകാരണം എലിപ്പനിയാണ്. തദ്ദേശസ്ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണത്തിലെ വീഴ്ചയാണ് എലിപ്പനി മരണങ്ങളുടെ മൂലകാരണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ "കുറ്റകരമായ അനാസ്ഥ' മൂലം എച്ച്1എന്‍1 മരണങ്ങളും ജില്ലയിലുണ്ടായി. ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് മലേഷ്യന്‍ പൗരനും മരിച്ചു. ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ പരിഹാരം കാണാനോ നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ തയ്യാറായില്ല. ജില്ലയില്‍ ആദ്യമായി വെസ്റ്റ്നൈല്‍ പനി ബാധിച്ച് യുവതി മരിച്ചത് മുഖ്യമന്ത്രിയുടെ വീടിനു സമീപമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home