ad
Deshabhimani

സംരക്ഷണം പാളുന്നു

തൃക്കണ്ണാട് തീരം കടലെടുത്തുതുടങ്ങി

കടലേറ്റം രൂക്ഷമായ തൃക്കണ്ണാട് കടൽ തീരം
വെബ് ഡെസ്ക്

Published on Aug 06, 2026, 02:30 AM | 1 min read

ഉദുമ

കടലേറ്റം രൂക്ഷമായ തൃക്കണ്ണാട് തീരത്ത് രണ്ടാഴ്ച മുമ്പ് ഒരുക്കിയ തീരസംരക്ഷണ കരിങ്കൽപാളികളും കടലെടുത്തു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭത്തിലാണ് കല്ലുകൾ മെല്ലെ കടലിലേക്ക് നീങ്ങി തുടങ്ങിയത്. 128 മീറ്റർ നീളത്തിൽ 3708.88 ടൺ കരിങ്കൽ തീരത്ത് ഇറക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കടൽ ഭിത്തിയെന്നപേരിൽ കല്ലുകൾ തലങ്ങും വിലക്കും കൂട്ടിയിട്ടിരിക്കുകയാണ് തീരത്ത്. ചെറിയ കല്ലുകളെല്ലാം തിരയെടുത്തോടെ വലിയ കല്ലുകളും കടലിലേക്കു നീങ്ങുന്നുണ്ട്. കൂടാതെ കുറേ കല്ലുകൾ പൂഴിയിൽ താഴ്ന്നുകിടക്കുന്നു. കടലെടുപ്പ് പ്രതിഭാസം ശക്തമായ ഇവിടെ അശാസ്ത്രീയ രീതിയിലാണ് തീരസംരക്ഷണമെന്ന പേരിൽ കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് തീരദേശവാസികളുടെ പരാതി. 50 ലക്ഷംരൂപ ചെലവിൽ ജലസേചന വകുപ്പിന്റെ കീഴിലാണ് കരിങ്കല്ല് ഭിത്തി നിർമാണം. ശക്തമായ കാലവർഷത്തിൽ പ്രവൃത്തിയാരംഭിച്ച് പലതവണ നിർത്തിവെയ്ക്കുകയും ചെയ്തു. അങ്ങിങ്ങായി കരിങ്കൽ കഷണങ്ങൾ കൂട്ടിയിട്ടതിനാൽ തീരത്ത് പോകാനൊ, മത്സ്യബന്ധന തോണികളും അനുബന്ധ ഉപകരണങ്ങളും വെക്കാനോ സാധിക്കില്ല. കടപ്പുറത്ത് കരിങ്കൽ കഷണങ്ങളും ചീളുകളും കടപ്പുറത്തുതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഇതു നാട്ടുകാർക്കും മീൻപിടിത്ത തൊഴിലാളികൾക്കും ദ്രോഹമായിമാറി. മീൻപിടിത്ത തൊഴിലാളികൾക്കും കരിങ്കൽച്ചീളുകൾ നിറഞ്ഞ കടപ്പുറം ഭീഷണിയായിട്ടുണ്ട്. തോണികൾ കരയിൽ വലിച്ച് കയറ്റുമ്പോൾ കരികല്ലിൽ ഉരഞ്ഞ് തകരാറിലാകുമെന്ന് ഭയന്ന് മീൻപിടിത്ത തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലാണ് തോണികൾ കയറ്റിവെക്കുന്നത്. ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന തൃക്കണ്ണാട് ക്ഷേത്ര കടപ്പുറത്ത് കർക്കടക വാവുബലിക്ക് പതിനായിരങ്ങളാണ് ഒത്തുകൂടാറ്. 12നാണ് കർക്കടക വാവ്. താറുമാറായികിടക്കുന്ന തീരത്ത് ബലിതർപ്പണത്തിന് എങ്ങനെ ആളുകൾ ഒത്തുകൂടുമെന്നതാണ് പ്രശ്നം. കഴിഞ്ഞ വർഷം വാവുബലി ദിവസം ക്ഷേത്രത്തിൽ മുപ്പതിനായിരത്തോളം പേർ എത്തിയിരുന്നു. ഇത്തവണ കൂടുമെന്നാണ് ക്ഷേത്ര അധികൃതരുടെ കണക്കുകൂട്ടൽ. ബലിതർപ്പണം കഴിഞ്ഞ് പിണ്ഡം കടലിലൊഴുക്കാനും ബലിച്ചോർ കാക്കയ്ക്ക് വെയ്ക്കാനും കടൽതീരത്ത് എങ്ങനെയെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home