8 മാസമായി വൈദ്യുതിയില്ലാതെ പോസ്റ്റ് ഓഫീസ്
മൊത്തമിരുട്ടാണ് അതിനകത്തിരിപ്പാണ്


ശരത് കൽപ്പാത്തി
Published on Aug 06, 2026, 02:30 AM | 1 min read
കാസർകോട്
ബിജെപി ഭരിക്കുന്ന പഞ്ചായത്തിന്റെ അനാസ്ഥമൂലം ഇരുട്ടിലായ കേന്ദ്രസർക്കാർ സ്ഥാപനമുണ്ട് കുട്‌ലുവിൽ. മധൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാംദാസ് നഗർ പോസ്റ്റ് ഓഫീസ്. ലൈറ്റും ഫാനും ഉണ്ടെങ്കിലും പ്രവർത്തിക്കില്ല. കൈയിലെ മൊബൈൽഫോൺ ഫ്ലാഷ് വെട്ടത്തിൽ വേണം ജോലികൾ ചെയ്തുതീർക്കാൻ. മഴക്കാറുമൂടിയാൽ ഓഫീസ് കൂരിരുട്ടിലാകും. സേവനത്തിനായെത്തുന്ന ജനങ്ങളൂം ഇവിടെ ഇരുട്ടിൽത്തപ്പണം. എട്ടുമാസമായി പോസ്റ്റ് ഓഫീസിന് ഈ ദുരവസ്ഥ. മുമ്പുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓരോ സ്ഥാപനത്തിനും പ്രത്യേകം കണക്ഷൻ എടുക്കണമെന്ന കെഎസ്ഇബി നിർദേശം ബിജെപി ഭരണസമിതി പാലിച്ചില്ല. പോസ്റ്റൽ വകുപ്പാകട്ടെ ബദൽ മാർഗം ഒരുക്കിയിട്ടുമില്ല. കണക്ഷൻ ഡെപ്പോസിറ്റ് തുകയായി 60000 രൂപ അടയ്ക്കണം. കെട്ടിടത്തിലാകെ നാല് മീറ്റർ ബോക്സുകൾ സ്ഥാപിക്കണം. ഇതിനുവേണ്ട നടപടികൾ നാളിതുവരെ പഞ്ചായത്ത് കൈക്കൊണ്ടിട്ടില്ല. പ്രധാന കെട്ടിടത്തിന്റെ പിറകിലായാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ നിഴൽമൂലം എപ്പോഴും ഇരുട്ട് തന്നെ. വേനൽക്കാലം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജീവനക്കാർ. അത്രമാത്രം ചൂടാണ് അനുഭവിച്ചത്. കാസർകോട് നഗരത്തിനോട് ചേർന്ന് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന പോസ്റ്റ് ഓഫീസുകളിൽ ഒന്നാണിത്. കാസർകോട് ---–മധൂർ റോഡിൽ കുട്‌ലുവിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഒരു പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റ്മാൻമാരുമാണ് ജീവനക്കാരായുള്ളത്.









0 comments