ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച 3 പേർ പിടിയിൽ

കൂത്തുപറമ്പ്
കൈതേരി ഇടത്തിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച മൂന്നുപേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. ചന്ദനമരം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെടുത്തു. വയനാട് പേരിയ സ്വദേശി കെ മുഹമ്മദ് ഷഹീർ, നിർമ്മലഗിരി പതിനൊന്നാം മൈലിലെ കെ റഫീക്ക്, മാങ്ങാട്ടിടം കുളത്തിന്റവിട സി രജീഷ് എന്നിവരാണ് പിടിയിലായത്. കൈതേരി ഇടത്തിൽ കല്യാണ വീട്ടിലെ പന്തൽ പണിക്ക് എത്തിയതാണ് ഷഹീറും റഫീക്കും. വീട്ടിൽ പന്തൽ കെട്ടുന്നതിനിടെയാണ് സമീപത്തെ വീട്ടിൽ ചന്ദനമരം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് വീട്ടിലുള്ളവർ പുറത്തു പോയ സമയം നോക്കി അർധരാത്രി ഓട്ടോ ഡ്രൈവർ രജീഷിനൊപ്പമെത്തിയ ഇവർ മരം മുറിച്ച് കടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. എസ് ഐ ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രജീഷിനെ ആദ്യം പിടികൂടുകയും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദന മരവുമായി കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്തുകയുമായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി നിർമലഗിരി പതിനൊന്നാം മൈലിലെ വീട്ടിൽനിന്നുമാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസ് കൊട്ടിയൂരിലെ വനംവകുപ്പിന് കൈമാറി.









0 comments