മഴയൊഴിയുന്നു, തുറമുഖങ്ങൾ സജീവമാകുന്നു

ചെറുവത്തൂർ
മഴയും കടൽക്കാറ്റും കുറഞ്ഞതോടെ ട്രോളിങ് നിരോധനം കഴിഞ്ഞതിനുശേഷം ജില്ലയിലെ മീൻപിടിത്ത ബോട്ടുകൾ കടലിൽ ഇറങ്ങിത്തുടങ്ങി. ഇതോടൊപ്പം മീൻ പിടിത്ത വള്ളങ്ങളും കടലിലിറങ്ങിയതോടെ മടക്കര മത്സ്യബന്ധന തുറമുഖം സജീവമായി. കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയ ചില വള്ളങ്ങളെ കടൽ നിരാശരാക്കിയില്ല. വലിയ പൂവാലൻ ചെമ്മീനും ചെറിയ തോതിൽ മത്തിയുമായാണ് ഇവർക്ക് ലഭിച്ചത്. തുറമുഖത്ത് കാത്തുനിന്ന ചെറുകിട തൊഴിലാളികൾക്കും സന്തോഷം പകരുന്നതായിരുന്നു ഇൗ കാഴ്‌ച. ബോട്ടുകൾക്ക് ചെറുമീനുകളാണ് ലഭിച്ചത്. ആഴക്കടലിലേക്ക് പോകാൻ കഴിയാത്തതിനാൽ ബോട്ടുകൾക്ക് പ്രതീക്ഷിച്ച മീൻ ലഭിച്ചില്ല. കാലാവസ്ഥ ചതിച്ചതിനാൽ ട്രോളിങ് നിരോധനത്തിനു ശേഷം ദിവസങ്ങളായി കടലിൽ കടലിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ തീരദേശങ്ങളിൽ നിരാശ പകർത്തിയിരുന്നു. എന്നാൽ ഇന്നലെ ചെറിയ രീതിയിൽ ചാകര കണ്ടു തുടങ്ങിയത് തീരദേശത്ത് ആശ്വാസത്തിനു വകയായി. കടൽക്കാറ്റിന് ശമനമായാൽ ചാകരക്കോള് വലയിൽ എത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ഇത് നൂറുകണക്കിന് അനുബന്ധ തൊഴിലാളികളിലും സന്തോഷം പകരുന്നു.









0 comments