നട്ടംതിരിഞ്ഞ് തീരദേശവാസികൾ
പൊട്ടിപ്പൊളിഞ്ഞ് തോട്ടം അഴിത്തല റോഡ്

നീലേശ്വരം
ടൂറിസം കേന്ദ്രമായ അഴിത്തല ബീച്ചിലേക്കുള്ള തോട്ടം -അഴിത്തല റോഡ് തകർന്ന് കാൽനടപോലും ദുസ്സഹം. ഭരണം മാറിയതോടെ റോഡ് പണി നിർത്തിയത് തീരദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കി. എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച നവീകരണപ്രവൃത്തിയാണ് പൂർണമായും നിലച്ചത്. തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ മുതൽ റോഡ് അവസാനിക്കുന്ന അഴിത്തല വരെയുള്ള റോഡിലാണ് ജനങ്ങൾ യാത്രാക്ലേശം ഏറെ അനുഭവിക്കുന്നത്. മുൻ എംഎൽഎ എം രാജഗോപാലൻ തോട്ടം മുതൽ അഴിത്തലവരെ റോഡ് മെക്കാഡം ടാറിങ് ചെയ്യാൻ ഹാർബർ എൻജിനിയറിങ് വിഭാഗത്തെ ഏൽപ്പിച്ചിരുന്നു. ഒന്നാംഘട്ടം എന്ന നിലയിൽ തോട്ടം മുതൽ തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ വരെ മെക്കാഡംചെയ്യാനും ബാക്കി ഭാഗം റീടാർ ചെയ്യാനും മൂന്ന് കോടി രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിച്ചതുമാണ്. യുഡിഎഫ് അധികാരത്തിൽ വന്നതോടെ മെക്കാഡം ടാറിങ് പ്രവൃത്തിയും മറ്റ് അനുബന്ധ പണികളും നിലച്ചു. മഴക്കാലമായതോടെ തോട്ടം മുതൽ ബോട്ട് ജെട്ടി വരെ കാൽനട യാത്രകാർക്കുപോലും സഞ്ചരിക്കാൻ കഴിയാതായി. ഇപ്പഴത്തെ എംഎൽഎ തൈക്കടപ്പുറം സ്റ്റോർ മുതൽ അഴിത്തലവരെ 4.5 കോടി രൂപ തന്റെ ഇടപെടലിലൂടെ റോഡിന് ഫണ്ട് നീക്കിവച്ചുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ നീലേശ്വരം തൈക്കടപ്പുറം റോഡ് 4500 മീറ്റർ ബി എം ആൻഡ് ബി സി രണ്ടാംഘട്ടം പ്രവർത്തിക്ക് 100 രൂപ മാത്രമാണ് വകയിരുത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.









0 comments