ഹാർബറുകൾ സജീവമാകുന്നു
ബോട്ടുകൾ നിറയെ കോര, കലുവ, ചെമ്പാൻ...

ട്രോളിങ് നിരോധം നീങ്ങിയശേഷം ബേപ്പൂർ ഫിഷിങ് ഹാർബർ സജീവമായപ്പോൾ
ഫറോക്ക് ട്രോളിങ് നിരോധത്തിനുശേഷം മീൻ പിടിത്തത്തിനിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ ഹാർബർ സജീവമായി. ഹാർബറിലെ ലേലപ്പുരകളിലും കയറ്റുമതി കേന്ദ്രത്തിലും ഐസ് ഫാക്ടറികളിലും തിരക്കുവന്നുതുടങ്ങി. മിക്ക ബോട്ടുകൾക്കും മഞ്ഞക്കോര, കലുവാക്കോര, ചെമ്പാൻ തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. ആദ്യദിവസങ്ങളിൽ മത്സ്യത്തിന് പരമാവധി വിലയും ലഭിച്ചു. എങ്കിലും പ്രതീക്ഷക്കൊത്ത് ആദ്യഘട്ടത്തിൽ മത്സ്യം ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധം നീങ്ങിയശേഷം ബേപ്പൂർ ഹാർബറിൽനിന്ന് ആദ്യം കടലിലിറങ്ങിയ 250 ബോട്ടുകളിൽ 40 എണ്ണം കടൽ പ്രക്ഷുബ്ധമായതിനാൽ ഉടൻ തിരിച്ചുകയറിയിരുന്നു. ശേഷിക്കുന്ന ബോട്ടുകളാണ് മത്സ്യവുമായി തിരികെയെത്തുന്നത്. കിളിമീൻ 60 കിലോഗ്രാം വരുന്ന ഒരു പെട്ടിയ്ക്ക് 5,000 മുതൽ 8,000 രൂപ വരെ വില ലഭിച്ചപ്പോൾ ചെമ്പാനും വെമ്പിളിക്കും കാര്യമായ വില കിട്ടിയില്ല. ഏതാനും ബോട്ടുകൾക്ക് കുറഞ്ഞ തോതിൽ ചെമ്മീനും ലഭിച്ചു. പ്രതികൂല കാലാവസ്ഥയിലും എല്ലാ ബോട്ടുകൾക്കും 50 മുതൽ 150 പെട്ടി മത്സ്യം ലഭിച്ചതിനാൽ വരുംദിവസങ്ങളിൽ മികച്ച മത്സ്യക്കൊയ്ത്ത് പ്രതീക്ഷിക്കുന്നുണ്ട്. കയറ്റുമതി സാധ്യതയുള്ള വലിയ കണവ, ചൂര (ട്യൂണ), ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിച്ചുതുടങ്ങിയാൽ വരുമാനവും ഗണ്യമായി ഉയരും. രണ്ടും മൂന്നും ആഴ്ചകൾ പുറംകടലിൽ തമ്പടിച്ചുവരുന്ന ബോട്ടുകളും ചൂണ്ടപ്പണിക്കായി പോയ ബോട്ടുകളും വിലയേറിയ മത്സ്യവുമായി വരുംദിവസങ്ങളിലായി തീരമടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മത്സ്യമേഖല.










0 comments