കെഎംഎംഎൽ പ്രവർത്തനം പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ
Published on Aug 06, 2026, 12:54 AM | 2 min read
കൊല്ലം
ധാതുമണൽ കിട്ടാത്തതിനാൽ ചവറ കെഎംഎംഎൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കന്പനിയിൽ ധാതുമണൽ വേർതിരിക്കുന്ന എംഎസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഇനി അവശേഷിക്കുന്നത് രണ്ടു മാസത്തേക്കുള്ള മണ്ണുമാത്രം. തോട്ടപ്പള്ളിയിൽ ആയിരക്കണക്കിന് ടൺ മണ്ണ് കെട്ടിക്കിടന്ന് ആലപ്പുഴ വെള്ളത്തിലാകുമ്പാഴാണ് ഇതേ മണ്ണുപയോഗിച്ച് കോടികൾ സർക്കാർ ഖജനാവിന് ലാഭമുണ്ടാക്കാനുള്ള അവസരം കെഎംഎംഎല്ലിന് നിഷേധിക്കുന്നത്. കാലവർഷം എത്തുംമുമ്പേ മണൽ നീക്കത്തിനുള്ള നടപടികൾ കുറെ വർഷങ്ങളായി കൃത്യമായി നടന്നിരുന്നു. വെള്ളപ്പൊക്കമാകുമ്പോൾ മണ്ണ് അനിയന്ത്രിതമായി കടത്താൻ സ്വകാര്യമേഖലയ്‌ക്ക് അവസരമൊരുക്കുകയാണ് സർക്കാർ നടപടി. ഇൗവർഷം ഇതുവരെ തോട്ടപ്പള്ളിയിൽനിന്നും കെഎംഎംഎല്ലിന് മണ്ണ് ലഭിച്ചിട്ടില്ല. ഇതിനു തടസ്സം യുഡിഎഫ് സർക്കാർ നയമാണ്. കെഎംഎംഎല്ലിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റു കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ ഓഫീസ് ഉദ്‌ഘാടനത്തിന് എത്തിയപ്പോഴും നേരത്തെയും വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. എംഎസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഒരു വർഷം ആറു ലക്ഷം ടൺ ധാതുമണലും ഒരുമാസം 50,000 ടൺ ധാതുമണലും (റാസാന്റ്) ആവശ്യമാണ്. പൊന്മനയിലെയും തോട്ടപ്പള്ളിയിലെയും ധാതുമണൽ ശേഖരമാണ് കെഎംഎംഎല്ലിനെ പിടിച്ചുനിർത്തിയിരുന്നത്. പൊന്മനയിൽ മാത്രം ഖനനംനടത്തി കെഎംഎംഎല്ലിന് അധികം മുന്നോട്ടുപോകാനാകില്ല. ഡിസാസ്‌റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായാണ് തോട്ടപ്പള്ളി സ്‌പിൽവേയിലെ പൊഴിയിൽനിന്നും മണ്ണ് നീക്കാൻ മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മണ്ണിൽനിന്നും ധാതുക്കൾ വേർതിരിക്കാനുള്ള അവകാശം കേന്ദ്ര നിയമപ്രകാരം കെഎംഎംഎല്ലിനും ഐആർഇക്കും മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2020–25 കാലത്ത് ഏകദേശം 15 ലക്ഷം ടൺ മണ്ണ് തോട്ടപ്പള്ളിയിൽ നിന്നും കെഎംഎംഎൽ, ഐആർഇ എന്നിവിടങ്ങളിൽ എത്തിച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് വഴി സംസ്ഥാന സർക്കാരിന് ഏകദേശം 62 കോടി രൂപ ലഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽ ഒരു എംക്യൂബ് മണ്ണിന് 2020ൽ ഇറിഗേഷൻ വകുപ്പ് നിശ്‌ചയിച്ച വില 464 രൂപയും 2025ൽ 956 രൂപയുമാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കമായതോടെ കഴിഞ്ഞ ദിവസം സ്‌പിൽവേ തുറന്ന് കുറെ മണ്ണ് കടലിലേക്ക് ഒഴുക്കി . സിന്തറ്റിക് റൂട്ടൈൽ പുറത്തുനിന്ന് വാങ്ങുന്നു കൊല്ലം കെഎംഎംഎല്ലിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉൽപ്പാദനത്തിലെ കുറവ് പരിഹരിക്കാൻ പുറത്തുനിന്ന് 8,9,44 മെട്രിക് ടൺ സിന്തറ്റിക് റൂട്ടൈൽ (ബനിഫിഷ്യേറ്റ് ഇൽമനൈറ്റ് ) പുറത്തുനിന്ന് വാങ്ങുന്നു. ധാതുമണലിൽനിന്നാണ് ബനിഫിഷ്യേറ്റ് ഇൽമനൈറ്റ് വേർതിരിച്ചെടുക്കുന്നത്. ഉൽപ്പാദനകുറവ് മൂലം കമ്പനി കടുത്ത സാമ്പത്തിക നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇൽമനൈറ്റ് ഉൽപ്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ നിർമാണയൂണിറ്റുകളുടെ പ്രവർത്തനം പകുതിയാക്കി . പ്രതിദിനം 50 ടൺ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉൽപ്പാദനനഷ്‌ടമാണുണ്ടാകുന്നത്. 40 ലക്ഷം രൂപയാണ് ഒരു ദിവസത്തെ സാമ്പത്തിക നഷ്‌ടം.










0 comments